ദേശീയ തലത്തില്‍ സമരപരിപാടികള്‍ക്ക് ആഹ്വാനം ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈയടിച്ച് ഹെഡ് ടീച്ചര്‍മാരുടെ യൂണിയന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിലാണ് ബ്രിട്ടനിലെ സ്‌കൂള്‍ കുട്ടികള്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്. എന്നാല്‍ കുട്ടികളെ അനുകൂലിച്ച ഹെഡ്ടീച്ചേഴ്‌സിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. യുകെ യൂത്ത് സ്‌ട്രൈക്ക് 4 ക്ലൈമറ്റ് എന്നു പേരിട്ട സമരത്തില്‍ നിലവില്‍ 38 നഗരങ്ങളിലെയും, ടൗണുകൡലെയും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വെള്ളിയാഴ്ച നടക്കുന്ന സമര പരിപാടികളുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറില്ല.
ബ്രിസ്റ്റോള്‍, കാര്‍ഡിഫ്, ബ്രൈറ്റണ്‍, എക്സ്റ്റര്‍, ഗ്ലാസ്‌ഗോ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പുസ്തകം അടച്ചുവെച്ച് പ്രതിഷേധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ ഇതാദ്യമായല്ല ചെറുപ്പക്കാര്‍ സംഘടിത സമരത്തിന് ഇറങ്ങുന്നത്. 16 വയസ്സുള്ള ഒരു സ്വീഡിഷ് ആക്ടിവിസ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് യുകെയില്‍ വിദ്യാര്‍ത്ഥികള്‍ സമരമുഖത്തേക്ക് എത്തുന്നത്. ശക്തമായി രംഗത്തിറങ്ങാന്‍ തയ്യാറായ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചും, അംഗീകരിച്ചുമാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ചെയര്‍മാന്‍ ആന്‍ഡി മെല്ലര്‍ രംഗത്തെത്തിയത്.
ചുറ്റുമുള്ള ലോകത്തെ കൂടി മനസ്സിലാക്കുന്നതാകണം സ്‌കൂള്‍ അന്തരീക്ഷം, ഇത് ജീവിതത്തില്‍ സുപ്രധാനവും മൂല്യമേറിയതുമായ അനുഭവസമ്പത്ത് പ്രദാനം ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചെറിയ കുട്ടികള്‍ നടത്തുന്ന ഈ സമരത്തെ പുച്ഛിച്ച് തള്ളാനും ചിലര്‍ രംഗത്തെത്തി. ഈ പരിപാടിയെ സമരമെന്ന് പറയുന്നത് തന്നെ വിഡ്ഢിത്തമാണ്, അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത്, പെന്‍സില്‍ താഴെവെയ്ക്കും, അല്ലാതെന്ത്!, ന്യൂ സ്‌കൂള്‍സ് നെറ്റ്‌വര്‍ക്ക് മുന്‍ ഡയറക്ടര്‍ ടോബി യംഗ് പ്രതികരിച്ചു. സ്‌കൂളില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നതിനാല്‍ സമരത്തെ പിന്തുണയ്ക്കില്ലെന്ന് ടോറി എംപിയും, മുന്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനുമായ വില്ല്യം റാഗ് വ്യക്തമാക്കി.
വ്യക്തിഗത സമരമായതിനാല്‍ ഇത് ഓരോ സ്‌കൂളിന്റേയും വിഷയമാണെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. കാലാവസ്ഥാ വിഷയത്തില്‍ ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരു നടപടി സ്വീകരിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് സ്‌കൂളിലും, കോളേജിലും, യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നവര്‍ ഫെബ്രുവരി 15ന് നടക്കുന്ന സമരത്തില്‍ പങ്കെടുക്കണമെന്നാണ് യുകെ യൂത്ത് സ്‌ട്രൈക്ക് 4 ക്ലൈമറ്റ് ആഹ്വാനം ചെയ്യുന്നത്.