
















ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ ബേസുകള്‍ തുറന്ന് കൊടുക്കാത്തതിന്റെ പേരില്‍ ഒരാഴ്ചയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പൊതുഇടങ്ങളില്‍ കൊത്തിപ്പറിക്കുകയാണ്. ഈ പോക്ക് തുടരുന്നത് ഒഴിവാക്കാനും, അമേരിക്കയുമായുള്ള ബ്രിട്ടന്റെ സ്‌പെഷ്യല്‍ ബന്ധം രക്ഷിച്ചെടുക്കാനുമായി കീര്‍ സ്റ്റാര്‍മര്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു.
മിഡില്‍ ഈസ്റ്റിലെ സൈനിക സഹകരണം ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. 20 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തില്‍ യുഎസ് സൈനികരുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തു. എന്നാല്‍ മിഡില്‍ ഈസ്റ്റ് പ്രതിസന്ധി ബ്രിട്ടനിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിലയിലേക്കാണ് വളരുന്നത്. 
ഗ്യാസ് നിരക്ക് കുതിച്ചുയരുന്നത് ജീവിതച്ചെലവ് പ്രതിസന്ധിയെ ഊര്‍ജ്ജിതമാക്കും. എനര്‍ജി ബില്ലുകളെ ഏത് വിധത്തിലാണ് ഇത് ബാധിക്കുകയെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുള്ളതായി കീര്‍ സ്റ്റാര്‍മര്‍ സമ്മതിക്കുന്നു. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ഹോള്‍സെയില്‍ ഗ്യാസ് വിലകള്‍ ബ്രിട്ടനെ ആഞ്ഞടിക്കുമെന്നാണ് ഭയപ്പാട്.
എണ്ണവില ദിവസങ്ങള്‍ക്കുള്ളില്‍ ബാരലിന് 100 ഡോളര്‍ കടക്കും. ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്തിക്കൊണ്ടാണ് ഇറാന്‍ എണ്ണവിലയ്ക്ക് തീയിടുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടന്റെ ഗ്യാസ് സ്റ്റോറേജ് കുറവാണ്. അതുകൊണ്ട് തന്നെ വിദേശ ഗ്യാസിനായി കൂടുതല്‍ തുക ഇറക്കേണ്ടതായി വരും.
ഈ ഘട്ടത്തില്‍ ഉയരുന്ന ബില്ലുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനായി എനര്‍ജി ബില്ലുകള്‍ താല്‍ക്കാലികമായി ഫ്രീസ് ചെയ്യാന്‍ മന്ത്രിമാര്‍ ആലോചിക്കുന്നുണ്ട്. റഷ്യ, ഉക്രെയിന്‍ യുദ്ധകാലത്ത് ഈ നടപടി സ്വീകരിച്ചിരുന്നു.