
















കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മാണി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ്. യു.ഡി.എഫിലെ ഘടക കക്ഷികളുടെ തീരുമാനം പോലും മറികടന്നാണ് മാണി തീരുമാനം എടുത്തത്. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടികളിലൂടെ. തീരുമാനം പുനപരിശോധിക്കുമെന്നാണ് കരുതുന്നത്. യു.ഡി.എഫ് നേതാക്കളുമായി സംസാരിച്ച് മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ജോസഫ് പറഞ്ഞു.
പി.ജെ ജോസഫ് വിഭാഗത്തെ തള്ളിയാണ് കെ.എം മാണി തോമസ് ചാഴിക്കാടനെ സ്ഥാനാത്ഥിയായി പ്രഖ്യാപിച്ചത്. ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴിക്കാടന്‍. കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് ജോസഫ് വിഭാഗം കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതോടെ കേരളാ കോണ്‍ഗ്രസില്‍ നേതാക്കള്‍ ഇരുവിഭാഗമായി ചേരിതിരിഞ്ഞു. കോട്ടയം സീറ്റില്‍ കെ എം മാണി വിഭാഗം തന്നെ മത്സരിക്കാനും തീരുമാനിച്ചതോടെ പി.ജെ. ജോസഫ് തന്റെ തൊടുപുഴയിലെ വീട്ടില്‍ നേതാക്കളുടെ യോഗം വിളിച്ചു. കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തെയും ചേര്‍ത്ത് നിര്‍ത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത തോമസ് ചാഴികാടന്‍ പറഞ്ഞു. തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത തീരുമാനം എല്ലാവരോടും കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ്. അപ്രതീക്ഷിത നീക്കമെന്ന് വേണമെങ്കില്‍ പറയാം. ജോസഫ് വിഭാഗം പോകുമെന്ന് കരുതുന്നില്ലെന്ന് ചാഴികാടന്‍ പറഞ്ഞു.