CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 39 Seconds Ago
Breaking Now

ഇങ്ങനെയൊക്കെ പക്ഷപാതം കാണിക്കാമോ ഡോക്ടര്‍? പരുക്കേറ്റ ഭാര്യക്ക് തിരക്കേറിയ എ&ഇയില്‍ പ്രത്യേക പരിഗണന; വരി നില്‍ക്കാതെ 26 മിനിറ്റില്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയതോടെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ജീവനക്കാരില്‍ നിന്നുമുള്ളവര്‍ തന്നെ നല്‍കിയ വിവരങ്ങളെത്തുടര്‍ന്നാണ് എന്‍എച്ച്എസ് മേധാവികള്‍ ആഭ്യന്തര അന്വേഷണം നടത്തിയത്

എന്‍എച്ച്എസ് ആശുപത്രികളിലെ തിരക്കിനെക്കുറിച്ച് പ്രത്യേകിച്ച് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍ പരിചയക്കാര്‍ വരുമ്പോള്‍, പ്രത്യേകിച്ച് കുടുംബക്കാര്‍ വന്നാല്‍ ഈ തിരക്കൊക്കെ മറികടക്കാനുള്ള വഴികള്‍ ജീവനക്കാര്‍ പയറ്റിയാല്‍ കുറ്റം പറയാന്‍ കഴിയുമോ? കുറ്റം പറയാന്‍ കഴിയില്ലെങ്കിലും പരുക്കേറ്റ ഭാര്യയെ വരിനില്‍ക്കുന്ന രോഗികളെ മറികടന്ന് തിരക്കേറിയ കാഷ്വാലിറ്റിയില്‍ ചികിത്സ ഒരുക്കിയ ആശുപത്രി കണ്‍സള്‍ട്ടന്റിനെ സസ്‌പെന്‍ഡ് ചെയ്താണ് പ്രതികരിച്ചിരിക്കുന്നത്. 

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍. ഡോ. ബ്രയാന്‍ ഫാള്‍വിന്റെ ഭാര്യ 49-കാരി ഓറിയയ്ക്ക് എക്‌സ്‌റേ എടുക്കാനും, ചികിത്സ പൂര്‍ത്തിയാക്കി മടങ്ങാനും കേവലം 26 മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. ഇതിന് പുറമെ ഡോക്ടര്‍ കൂടിയായ ഭാര്യക്ക് വേണ്ടി ഡോര്‍സെറ്റിലെ ക്രൈസ്റ്റ്ചര്‍ച്ച് ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ സപ്ലൈയും ഉപയോഗിച്ചു. ഈ പരിപാടി ചെയ്‌തെന്ന് തിരിച്ചറിയാതിരിക്കാന്‍ മെഡിക്കല്‍ റെക്കോര്‍ഡില്‍ തെറ്റായ രേഖപ്പെടുത്തലുകളും നടത്തിയെന്നാണ് 48-കാരനായ ഡോ. ഫാള്‍വിന് എതിരെയുള്ള നടപടിയ്ക്ക് കാരണമായത്. 

ജീവനക്കാരില്‍ നിന്നുമുള്ളവര്‍ തന്നെ നല്‍കിയ വിവരങ്ങളെത്തുടര്‍ന്നാണ് എന്‍എച്ച്എസ് മേധാവികള്‍ ആഭ്യന്തര അന്വേഷണം നടത്തിയത്. 2016 ജൂലൈയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത എ&ഇയില്‍ ജോലി ചെയ്യുകയായിരുന്നുവെന്നാണ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണലില്‍ ഡോക്ടര്‍ വ്യക്തമാക്കിയത്. ഭാര്യ മകനെ കൂട്ടി എത്തിയപ്പോള്‍ ഏറെ നേരം കാത്തിരുന്നാല്‍ ബുദ്ധിമുട്ടാകുമെന്ന് ആശങ്കപ്പെട്ടെന്നും ഫാള്‍വിന്‍ കൂട്ടിച്ചേര്‍ത്തു. 

വിശ്വാസത്തെ ഹനിച്ചുള്ള സേവനങ്ങള്‍ ഈ കാലയളവില്‍ തുടര്‍ച്ചയായി ഉണ്ടായെന്ന് കണ്ടെത്തിയതോടെയാണ് അച്ചടക്കസമിതി ഒരു മാസത്തേക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്. 2017 ആഗസ്റ്റില്‍ ആശുപത്രി വിട്ട ഡോ. ഫാള്‍വിന്‍ സ്വദേശമായ അയര്‍ലണ്ടില്‍ ക്ലിനിക്കില്‍ ജോലി ചെയ്യാനായി മടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.