CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 36 Seconds Ago
Breaking Now

യു.ഡി.എഫ് വിടണമോ ?, ജെ.എസ്.എസ് ആശയക്കുഴപ്പത്തിൽ

യു.ഡി.എഫ് വിടണമെന്ന തീരുമാനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിഅമ്മ ഉറച്ചു നിൽക്കുകയാണെങ്കിലും ,ജെ.എസ്.എസിൽ ആശയക്കുഴപ്പം മുറുകുന്നു.

യു.ഡി.എഫ് വിട്ടാൽ എന്ത് എന്നതിൽ വ്യക്തതയില്ലാത്തതാണ് പാർട്ടിയെ മുൾമുനയിലാക്കുന്നത്. ഇടതു മുന്നണിയിൽ ഘടകക്ഷിയായിട്ടാണെങ്കിൽ പോകാൻ നേതാക്കൾക്ക് ബുദ്ധിമുട്ടില്ല. പക്ഷേ ജെ.എസ്.എസിനെ ഘടകകക്ഷിയായി സ്വീകരിക്കാമെന്ന് ഇടതുമുന്നണി ഇനിയും വെറും വാക്കു പോലും പറഞ്ഞിട്ടില്ല. ഗൗരിഅമ്മയെ മുന്നണിയിലേക്കല്ല, പാർട്ടിയിലേക്ക് മടക്കിക്കൊണ്ടു വരാനാണ് സി.പി.എമ്മിന് കൂടുതൽ താത്പര്യം. എന്നാൽ, ഗൗരിഅമ്മയോടൊപ്പം നിൽക്കുന്നവരെ സ്വീകരിക്കാൻ മടിയുമാണ്. അതാണ് പ്രശ്നം. ഇതു വരെ വളർത്തിയെടുത്ത പ്രസ്ഥാനത്തെയും , അണികളെയും വിട്ട് ഗൗരിഅമ്മ സി.പി.എമ്മിലേക്ക് മടങ്ങുമോ എന്നതാണ് ചോദ്യം. അതിന് സാദ്ധ്യത കുറവെന്നാണ് ഗൗരിഅമ്മയുമായി അടുപ്പമുള്ള പാർട്ടി നേതാക്കൾ പറയുന്നത്. 

ജെ.എസ്.എസ് ഇപ്പോൾ യു.ഡി.എഫിൽ ഇല്ലെന്നാണ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഗൗരിഅമ്മ അറുത്തു മുറിച്ചു പറഞ്ഞത്. യു.ഡി.എഫിൽ നിന്നുണ്ടായ തിക്താനുഭവം ഗൗരിഅമ്മയുടെ മനസ്സിനെ എത്രമാത്രം നോവിച്ചു എന്നതിന്റെ പ്രതിഫലനമാണിതെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. ആഗസ്റ്റിൽ പാർട്ടിയുടെ പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടി തീരുമാനമെടുക്കാനിരിക്കുന്നതേയുള്ളൂ. അതിനിടയിൽ പ്രശ്നപരിഹാരത്തിന് യു.ഡി.എഫിന് നാല് മാസമുണ്ട്.

രണ്ട് വർഷം മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചില ഘടകക്ഷികൾ ജെ.എസ്.എസിന്റെ കാല് വാരിയതിനെത്തുടർന്ന് യു.ഡി.എഫ് വിടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തിയായി ഉയർന്നിരുന്നു. അത് പാർട്ടിയിൽ വലിയ ഭിന്നതയുമുണ്ടാക്കി. പാർട്ടി പ്ളീനം വിളിച്ചാണ് ഒടുവിൽ യു.ഡി.എഫ് വിടേണ്ടെന്ന തീരുമാനമെടുത്തത്. ഇപ്പോഴാകട്ടെ , ഗവ.ചീഫ് വിപ്പ് പി.സി.ജോർജ് ഗൗരിഅമ്മയെ പുലഭ്യം പറഞ്ഞപ്പോൾ യു.ഡി.എഫ് നേതൃത്വം വേണ്ടതൊന്നും ചെയ്തില്ലെന്ന പരാതിയാണ് ജെ.എസ്.എസിനുള്ളത്.

പി.സി.ജോർജിനെതിരെ കടുത്ത നടപടി എടുക്കാൻ മുന്നണിക്ക് കഴിയില്ലായിരിക്കാം. പക്ഷേ, മുഖ്യമന്ത്രിക്ക് നേരിൽക്കണ്ട് ഗൗരിഅമ്മയെ സാന്ത്വനിപ്പിക്കാമായിരുന്നില്ലേ? കെ.എം.മാണി ഗൗരിഅമ്മയെ വിളിച്ച് ഖേദപ്രകടനം നടത്തിയെന്ന പ്രചാരണവും ശരിയല്ലെന്ന് ജെ.എസ്.എസ് നേതാക്കൾ പറയുന്നു. മാണിക്കും ഗൗരിഅമ്മയെ കാണാമായിരുന്നു. പി.സി.ജോർജിനെതിരെ 25 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് കൊടുക്കാനാണ് പാർട്ടി ആദ്യം ആലോചിച്ചത്. ഗൗരിഅമ്മയുടെ യസ്സസിനും ജനങ്ങൾക്കുള്ള സ്നേഹത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അതിൽ നിന്ന് പിന്തിരിപ്പിച്ചത് പാർട്ടി പ്രസിഡന്റ് എ.എൻ.രാജൻബാബുവായിരുന്നു.

വി.എസ്.അച്യുതാനന്ദനെതിരെ പാർട്ടി നടപടിയെടുത്താൽ അതിന്റെ ആഘാതം കുറയ്ക്കാനുള്ള ഉപാധികളിലൊന്നെന്ന നിലയ്ക്കാണ് ഗൗരിഅമ്മയെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടു വരാൻ സി.പി.എം സംസ്ഥാന നേതൃത്വം താത്പര്യം കാണിക്കുന്നത്. പാർട്ടിയുടെ സമുന്നത നേതാക്കൾ കുടുംബ സമേതം ഈയിടെ ഗൗരിഅമ്മയെ സന്ദർശിച്ചുവെന്ന് മാത്രമല്ല ,അവരെ പാർട്ടിയുടെ പൊതുപരിപാടിയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. അതേ സമയം ,ഗൗരിഅമ്മയ്ക്കെതിരായ പഴയ കശുഅണ്ടി അഴിമതി ആരോപണം ചികഞ്ഞെടുത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എം.ലോറൻസ് നടത്തിയ ആക്രമണവും കണാതിരുന്നു കൂടാ. സി.പി.എമ്മിൽ ഗൗരിഅമ്മയുടെ വരവിന് എതിരഭിപ്രായമുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഗൗരിഅമ്മയെ വി.എസ്.അച്യുതാനന്ദൻ ക്ഷണിച്ചത് പാർട്ടിയിലേക്കല്ല, ഇടതുമുന്നണിയിലേക്കാണെന്നതും ശ്രദ്ധിക്കണം. ജെ.എസ്.എസിനെ ഇടതുമുന്നണിയിലെടുത്തില്ലെങ്കിലും മുന്നണിയുമായി സഹകരിക്കുന്ന പാർട്ടിയെന്ന നിലയ്ക്ക് ഒപ്പം കൂട്ടിയാലോ എന്നൊരാലോചനയുമുണ്ട്. ഐ.എൻ.എൽ മുമ്പ് നിന്നതു പോലുള്ള ഒരു സംവിധാനം. പക്ഷേ ഇതിന്മേലും ചർച്ചയൊന്നും നടന്നിട്ടില്ല.

ഗൗരിഅമ്മയെ കൈവിടാതിരിക്കാൻ മറുഭാഗത്ത് യു.ഡി.എഫ് ശ്രമം തു‌ടങ്ങി. അടുത്ത ദിവസങ്ങളിൽ ഗൗരിഅമ്മയെ നേരിട്ടു കാണാൻ മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്. ,മുഖ്യമന്ത്രിയുമായി ചർച്ചയില്ലെന്ന് പറഞ്ഞ് ഗൗരിഅമ്മ ആ വഴി അടച്ചെങ്കിലും യു.ഡി.എഫ് നേതൃത്വം അനുനയശ്രമം ഉപേക്ഷിച്ചിട്ടില്ല.

 
കൂടുതല്‍വാര്‍ത്തകള്‍.