ഓണ്‍ലൈന്‍ ലോകം നമ്മളെയൊക്കെ എത്രത്തോളം വലയിലാക്കി കഴിഞ്ഞെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ സംശയിക്കുന്നവരെ ഞെട്ടിക്കുന്നതാണ് ഈ സംഭവം. ഇന്‍സ്റ്റാഗ്രാമില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയ ഒരു കൗമാരക്കാരി സ്വന്തം ജീവനൊടുക്കിയതാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത. ജീവിക്കണോ, മരിക്കണോ എന്ന ചോദ്യത്തിന് പങ്കെടുത്തവരില്‍ അധികം പേരും മരിക്കണം എന്ന് ഉത്തരം നല്‍കിയതോടെ 16കാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിമരിക്കുകയായിരുന്നു.
മലേഷ്യയിലെ സറാവാക്കിലുള്ള കച്ചിംഗ് മേഖലയില്‍ താമസിക്കുന്ന കൗമാരക്കാരിയാണ് ഓണ്‍ലൈന്‍ പോളിന് ശേഷം ജീവിതം അവസാനിപ്പിച്ചത്. 'ജീവിക്കണോ, മരിക്കണോ എന്ന് തീരുമാനിക്കാന്‍ എന്നെ സഹായിക്കൂ', ഇതാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടി കുറിച്ചത്. 69 ശതമാനം വോട്ടര്‍മാര്‍ മരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 31 ശതമാനം പേര്‍ മാത്രം എതിരഭിപ്രായം പറഞ്ഞു.
സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഒരാള്‍ സ്വന്തം മരണം തീരുമാനിച്ചെന്ന വാര്‍ത്ത പരന്നതോടെ നടപടി വേണമെന്ന് മുറവിളി ഉയര്‍ന്നുകഴിഞ്ഞു. ഇരയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടും, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷിക്കണമെന്ന് പാര്‍ലമെന്റ് അംഗം രാംകര്‍പാല്‍ സിംഗ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സിംഗ് ഓര്‍മ്മിപ്പിച്ചു.
മലേഷ്യയിലെ യുവാക്കളുടെ മാനസിക ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്ന് യൂത്ത്, സ്‌പോര്‍ട്‌സ് മന്ത്രി സയെദ് സാദിഖ് വ്യക്തമാക്കി. 2017ല്‍ ബ്രിട്ടീഷ് കൗമാരക്കാരി മോളി റസല്‍ ഓണ്‍ലൈനില്‍ ആത്മഹത്യയെക്കുറിച്ച് വായിച്ച് ജീവനൊടുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്വയം അപകടപ്പെടുത്തുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തിരുന്നു.