പ്രധാനമന്ത്രി തെരേസ മേയുടെ പിന്‍ഗാമിയാകാനുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തീരുമാനിച്ചതോടെ അഞ്ച് ഇന്ത്യന്‍ വംശജരായ കണ്‍സര്‍വേറ്റീവ് എംപിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. മൂന്ന് എംപിമാര്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് പിന്തുണ നല്‍കുമ്പോള്‍ രണ്ട് പേര്‍ ഡൊമിനിക് റാബിന് പിന്തുണ പ്രഖ്യാപിച്ചു.
ഇയുവില്‍ നിന്നും മികച്ച കരാര്‍ ലഭിക്കാനായി ഡിവോഴ്‌സ് ബില്‍ അടയ്ക്കുന്നത് തടഞ്ഞുവെയ്ക്കുമെന്ന ബോറിസിന്റെ വാഗ്ദാനവും, ടാക്‌സ് കുറയ്ക്കാമെന്ന സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാനവും കടുപ്പമേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ പത്ത് മത്സരാര്‍ത്ഥികളാണുള്ളത്. രണ്ട് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 318 പാര്‍ട്ടി എംപിമാര്‍ പിന്തുണ രേഖപ്പെടുത്തി വോട്ട് ചെയ്യും.
പല റൗണ്ടിലൂടെ കടന്നുപോകുന്ന വോട്ടെടുപ്പിലൂടെ മത്സരാര്‍ത്ഥികളുടെ എണ്ണം രണ്ടായി ചുരുങ്ങും. രണ്ടാം ഘട്ടത്തില്‍ 1.2 ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ നേതാവിനെ തെരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തും. ജൂനിയര്‍ മിനിസ്റ്റര്‍ ഋഷി സുനാക്, മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് അലോക് ശര്‍മ്മ, മുന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍ എന്നിവരാണ് ബോറിസിനെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ വംശജരായ എംപിമാര്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് ഋഷി സുനാക്.
മുന്‍ ജൂനിയര്‍ മിനിസ്റ്റര്‍മാരായിരുന്ന ശൈലേഷ് വാര, സുവെല്ല ബ്രേവര്‍മാന്‍ എന്നിവരാണ് റാബിനെ പിന്തുണയ്ക്കുന്നത്.ബോറിസിന് പുറമെ ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട്, എന്‍വയോണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് എന്നിവര്‍ക്കാണ് കൂടുതല്‍ പിന്തുണയുള്ളത്.