Breaking Now

ഗ്രെന്‍ഫെല്‍ ടവറില്‍ തീപടര്‍ത്തിയ വേള്‍പൂള്‍ ഉത്പന്നങ്ങള്‍ നിര്‍ബന്ധിച്ച് തിരിച്ചുവിളിക്കാന്‍ ഒരുങ്ങി യുകെ ഗവണ്‍മെന്റ്; വീടുവിട്ട് ഓടിയത് 750 കുടുംബങ്ങള്‍; വേള്‍പൂളിനെതിരെ സര്‍ക്കാരിന്റെ അസാധാരണ നീക്കം; നിങ്ങളുടെ വീട്ടിലുണ്ടോ ഈ ഉപകരണങ്ങള്‍, എങ്കില്‍ സൂക്ഷിക്കാം!

പ്രശ്‌നമുള്ള ഡ്രയര്‍ ഉപയോഗിക്കുന്നവര്‍ മോഡിഫൈ ചെയ്യാതെ ഇത് ഉപയോഗിക്കരുതെന്നും വേള്‍പൂള്‍

അര മില്ല്യണ്‍ വേള്‍പൂള്‍ ടംബിള്‍ ഡ്രയറുകള്‍ നിര്‍ബന്ധിതമായി തിരിച്ചുവിളിക്കാന്‍ രംഗത്തിറങ്ങി യുകെ ഗവണ്‍മെന്റ്. ഫയര്‍ സേഫ്റ്റി അപകടങ്ങള്‍ സംബന്ധിച്ച് കമ്പനി ഉപഭോക്താക്കളില്‍ നിന്നും രഹസ്യങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണങ്ങള്‍ രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. അസാധാരണ നടപടിയിലൂടെ ഉത്പന്നങ്ങള്‍ തിരിച്ച് വിളിക്കാന്‍ ഒരുങ്ങുകയാണെന്ന് ബിസിനസ്സ് മിനിസ്റ്റര്‍ കെല്ലി ടോള്‍ഹഴ്‌സ്റ്റ് കമ്പനിയെ അറിയിച്ചുകഴിഞ്ഞു. 

വേള്‍പൂള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് മന്ത്രി ആന്‍ഡ്രൂ ഗ്രിഫിത്സ് ആരോപിച്ചിരുന്നു. വീടുകളില്‍ ഇരിക്കുന്ന ഉത്പന്നങ്ങള്‍ സുരക്ഷിതമാണോ, അല്ലയോ എന്ന് ജനങ്ങള്‍ക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അഞ്ച് മില്ല്യണ്‍ മെഷീനുകള്‍ക്ക് തെറ്റായ ഡിസൈനുള്ളതായി ഈ വര്‍ഷം ആദ്യം സ്ഥിരീകരിച്ചിരുന്നു. 750 ഭവനങ്ങളില്‍ ഇതുമൂലം തീപിടുത്തം ഉണ്ടാവുകയും കുടുംബങ്ങള്‍ക്ക് ജീവന്‍ രക്ഷിക്കാനായി വീടുവിട്ട് ഓടേണ്ട ഗതികേട് നേരിടുകയും ചെയ്തു. 

ഹാംപ്ഷയര്‍ സ്വദേശിനി ജെന്നി സ്പറിന്റെ വീട്ടില്‍ വേള്‍പൂള്‍ ടംബിള്‍ ഡ്രയര്‍ തീപിടിച്ചപ്പോള്‍ കുട്ടികളുമായി ഇറങ്ങി ഓടേണ്ടി വന്നിരുന്നു. വീടിന് സംഭവിച്ച കേടുപാടുകള്‍ക്ക് കമ്പനി 11000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചെങ്കിലും ഇതിനൊരു നിബന്ധന വെച്ചു. മാധ്യമങ്ങളുമായോ, സോഷ്യല്‍ മീഡിയയിലോ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടരുത്. ഡിവോണില്‍ നിന്നുമുള്ള റെബേക്ക റോബിന്‍സണും സമാനമായ അനുഭവം നേരിട്ടു. സുരക്ഷിതമെന്ന് കരുതിയ ഡ്രയര്‍ തീപിടിച്ചപ്പോള്‍ പണം ലഭിക്കാന്‍ നിശബ്ദത പാലിക്കണമെന്നായിരുന്നു ഇവര്‍ക്ക് ലഭിച്ച ഉത്തരവ്. 

തീപിടുത്തം തടയാന്‍ ടംബിള്‍ ഡ്രയറില്‍ അറ്റകുറ്റപ്പണി നടത്തുകയാണ് വേള്‍പൂളിന്റെ രീതി. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് പ്രൊഡക്ട്‌സ് സേഫ്റ്റി & സ്റ്റാന്‍ഡാര്‍ഡ്‌സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കോമണ്‍സില്‍ ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വേള്‍പൂള്‍ ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മിനിസ്റ്റര്‍ വ്യക്തമാക്കിയത്. സംഗതി പൊതുസമക്ഷത്ത് അവതരിപ്പിക്കപ്പെട്ടതോടെ വിശദീകരണവുമായി വേള്‍പൂള്‍ രംഗത്തെത്തി. 

സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും പ്രശ്‌നമുള്ള ഡ്രയര്‍ ഉപയോഗിക്കുന്നവര്‍ മോഡിഫൈ ചെയ്യാതെ ഇത് ഉപയോഗിക്കരുതെന്നും വേള്‍പൂള്‍ പറഞ്ഞു. മോഡിഫൈ ചെയ്യാത്തവര്‍ 0800 151 0905-ല്‍ ബന്ധപ്പെടണം, കമ്പനി വ്യക്തമാക്കി. 
കൂടുതല്‍വാര്‍ത്തകള്‍.