എന്‍എച്ച്എസില്‍ ഓപ്പറേഷന് വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് ഇനിയും നീളുന്നു. എക്‌സ്ട്രാ ഷിഫ്റ്റുകള്‍ നല്‍കുമ്പോള്‍ ഇത് നിഷേധിക്കുന്ന സീനിയര്‍ ഡോക്ടര്‍മാരുടെ എണ്ണമേറുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പെന്‍ഷന്‍ സ്‌കീമിലെ മാറ്റങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡോക്ടര്‍മാര്‍ അധിക ഷിഫ്റ്റ് ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിന് പിന്നില്‍. അതേസമയം ഈയടുത്ത ആഴ്ചകളില്‍ അധിക ജോലി തള്ളുന്ന കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം നാടകീയമായി വര്‍ദ്ധിച്ചെന്ന് ഹോസ്പിറ്റല്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവുമാര്‍ പറയുന്നു.
ഇതുമൂലം രോഗികള്‍ക്ക് നല്‍കുന്ന പരിചരണത്തെ സാരമായി ബാധിച്ച് തുടങ്ങിയെന്നും ട്രസ്റ്റുകള്‍ വ്യക്തമാക്കി. പെന്‍ഷന്‍ ടാക്‌സിലെ മാറ്റങ്ങള്‍ മൂലം എക്‌സ്ട്രാ ഷിഫ്റ്റുകള്‍ ചെയ്യുന്നത് ഡോക്ടര്‍മാര്‍ക്ക് ലാഭകരമല്ലാത്ത ഘട്ടത്തിലാണ്. ആശുപത്രിയില്‍ ഏറെ ബാക്കികിടന്ന ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ വര്‍ഷം 27 ശനിയാഴ്ചകള്‍ ജോലിക്കെത്തിയ തങ്ങളുടെ സീനിയര്‍ അനസ്‌തെറ്റിസ്റ്റ് ഈ വര്‍ഷം അത് പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയതായി ഒരു എന്‍എച്ച്എസ് ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റൊരു ട്രസ്റ്റില്‍ കഴിഞ്ഞ വര്‍ഷം മിക്ക ഞായറാഴ്ചകളും ജോലി ചെയ്ത് സഹകരിച്ച ഒരു സീനിയര്‍ എ&ഇ കണ്‍സള്‍ട്ടന്റും ഈ രീതി പിന്തുടരുകയാണെന്ന് മറ്റൊരു ട്രസ്റ്റിലെ ക്ലിനിക്കല്‍ ഡയറക്ടര്‍ തന്റെ ആശുപത്രിയെ അറിയിച്ചു. ഇതുമൂലം പല ആശുപത്രികളിലും ഓപ്പറേഷന്‍ കാത്തിരിപ്പ് പട്ടിക കുതിച്ചുയരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50% വരെ ലിസ്റ്റ് വര്‍ദ്ധിച്ച ട്രസ്റ്റുകളുണ്ട്. ഏപ്രില്‍ മുതല്‍ 110,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവരുടെ ടാക്‌സ് ഫ്രീ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ അലവന്‍സ് 40,000 പൗണ്ടില്‍ നിന്നാണ് കട്ട് ചെയ്യുന്നത്. വരുമാനത്തിന്റെ തോത് അനുസരിച്ച് ഇത് പരമാവധി 10,000 പൗണ്ടാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്.
ആഴ്ചയില്‍ 4 മണിക്കൂര്‍ സെഷനുകളിലായി 10 പ്രോഗ്രാം ചെയ്ത് ആക്ടിവിറ്റികളില്‍ പങ്കെടുക്കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്ക് 105,000 പൗണ്ട് പരമാവധി വേതനം ലഭിക്കും. ഇതിന് പുറമെ അധിക ജോലി ചെയ്താല്‍ ഇവര്‍ പുതിയ ടാക്‌സ് ബ്രാക്കറ്റിലേക്ക് എത്തും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഈ മാറ്റം മൂലം ചില ഡോക്ടര്‍മാര്‍ക്ക് 75% അല്ലെങ്കില്‍ അതിലേറെ നികുതി ഈടാക്കപ്പെടുന്ന അവസ്ഥയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചു.