കാമുകന്‍ നടത്തിയ ബാധയൊഴിപ്പിക്കല്‍ ചടങ്ങിനൊടുവില്‍ നഴ്‌സ് ആശുപത്രി കിടക്കയിലെത്തി. ഡോക്ടറായ കാമുകന്‍ നടത്തിയ ബാധയൊഴിപ്പിക്കലാണ് നഴ്‌സിനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നാണ് കോടതിയില്‍ വിശദീകരിക്കപ്പെട്ടത്. നാല് ദിവസം മുന്‍പാണ് 31-കാരി കെല്ലി വില്‍സണ്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തിരിച്ചറിയാത്ത എന്തൊക്കെയോ നിയന്ത്രിത മരുന്നുകളാണ് ഇവരുടെ ശരീരത്തില്‍ കുത്തിവെച്ചിരുന്നത്.
ആചാരങ്ങളുടെ ഭാഗമായാണ് ഈ കുത്തിവെപ്പ് നടന്നതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. അനസ്‌തെറ്റിസ്റ്റും, പെയിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. ഹൊസാം മെത്വാലിയാണ് നഴ്‌സിന്റെ വീട്ടില്‍ വെച്ച് ഈ കര്‍മ്മങ്ങള്‍ നടത്തിയതെന്നാണ് ആരോപണം. കുത്തിവെച്ച പദാര്‍ത്ഥങ്ങള്‍ കെല്ലിയുടെ ജീവനെടുക്കാന്‍ ശക്തിയുള്ളതായിരുന്നുവെന്ന് ഗ്രിംസ്ബി മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വ്യക്തമാക്കി.
അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായ നഴ്‌സ് കെല്ലി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ജൂലൈ 2 മുതല്‍ 5 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ ഹാനികരമായ അജ്ഞാത വസ്തു കുത്തിവെച്ചതിനും, മനഃപ്പൂര്‍വ്വം ശാരീരിക അപകടം വരുത്തിവെച്ചതിനുമാണ് 58കാരനായ ഡോക്ടര്‍ നെത്വാലിയ്ക്ക് എതിരെ കുറ്റം ചുമത്തിയത്. ഇരുവരും കോ-ഡയറക്ടര്‍മാരായ ലിന്‍ക്‌സ് പെയിന്‍ ക്ലിനിക് എന്ന ബിസിനസ്സ് സംരംഭം ഇവരുടെ ഗ്രിംസ്ബിയിലെ സെമി-ഡിറ്റാച്ച്ഡ് ഭവനത്തിലാണ് നടന്നിരുന്നത്.
വ്യാഴാഴ്ച മകളെ അന്വേഷിച്ചെത്തിയ കെല്ലിയുടെ കുടുംബാംഗങ്ങളാണ് ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചത്. ഡയാന പ്രിന്‍സസ് ഓഫ് വെയില്‍സ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലാണ് നഴ്‌സ്. ആശുപത്രി ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് വീട്ടിലെത്തിയ പോലീസ് ഡോക്ടര്‍ കാമുകനെ അറസ്റ്റ് ചെയ്തു. കോടതി ഡോക്ടറുടെ ജാമ്യാപേക്ഷ നിരസിച്ചു.