CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 45 Seconds Ago
Breaking Now

വിചിത്ര ഫൈനലില്‍, വിചിത്ര വിജയവുമായി ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം; 102 ഓവറില്‍ ഫലം കണ്ടെത്താന്‍ കഴിഞ്ഞില്ല; ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത് ഐസിസിയുടെ വിചിത്ര നിയമം, ഒപ്പം ബെന്‍ സ്റ്റോക്‌സിന്റെ 'ഹെഡറും'; ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ വിജയാഘോഷം

ഓള്‍-റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ മികവുറ്റ പ്രകടനമാണ് കൈയിലൊതുങ്ങിയ മത്സരം ന്യൂസിലാന്‍ഡിന് സമനിലയില്‍ കൈവിട്ടത്

102 ഓവറിലേക്ക് മത്സരം നീണ്ടിട്ടും അന്തിമവിജയിയെ കണ്ടെത്താന്‍ കഴിയാതെ പോയ ആദ്യ ലോകകപ്പ് ഫൈനല്‍ എന്ന് ഇംഗ്ലണ്ടില്‍ നടന്ന 2019 ഐസിസി ലോകകപ്പ് ഓര്‍മ്മിക്കപ്പെടും. ക്രിക്കറ്റ് ദൈവങ്ങളുടെ അന്തപ്പുരമായ ലോര്‍ഡ്‌സില്‍ ഭാര്യമാര്‍ക്കും, കാമുകിമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ഒപ്പം ഇംഗ്ലീഷ് ക്രിക്കറ്റ് ടീം തകര്‍ത്ത് ആഘോഷിക്കുമ്പോള്‍ തങ്ങള്‍ എന്ത് കൊണ്ട് തോറ്റു എന്നറിയാതെ അമ്പരന്ന് നിരാശരായാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം തലകുനിച്ച് നിന്നത്. 

50 ഓവര്‍ എറിഞ്ഞ് തീര്‍ത്തപ്പോള്‍ മത്സരം സമനിലയില്‍ കലാശിക്കുകയും, പിന്നീട് എറിഞ്ഞ സൂപ്പര്‍ ഓവറും സമനിലയില്‍ തീര്‍ന്നതോടെയാണ് ഐസിസിയുടെ വിചിത്ര നിയമം വിജയിയെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ അവസാന പന്തില്‍ വിജയിക്കാന്‍ ആവശ്യമായ രണ്ടാം റണ്ണിന് കിവീസ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഓടിയെങ്കിലും 0.05 സെക്കന്‍ഡിന്റെ മാത്രം വ്യത്യാസത്തില്‍ ഇംഗ്ലീഷ് വിക്കറ്റ്കീപ്പര്‍ ജോസ് ബട്‌ലര്‍ പന്ത് ചാടിപ്പിടിച്ച് സ്റ്റംപ് ചെയ്യുകയായിരുന്നു. ടെക്‌നിക്കല്‍ കാരണങ്ങളുടെ പേരിലാണ് പിന്നീട് ഇംഗ്ലണ്ട് വിജയിച്ചതായി പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ ബൗണ്ടറി അടിച്ച ടീം എന്നതാണ് ലോകത്തെ ഞെട്ടിച്ച ഇംഗ്ലണ്ട് കപ്പുംകൊണ്ട് പോയത്. 

ഓള്‍-റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ മികവുറ്റ പ്രകടനമാണ് കൈയിലൊതുങ്ങിയ മത്സരം ന്യൂസിലാന്‍ഡിന് സമനിലയില്‍ കൈവിട്ടത്. ഇതോടൊപ്പം അവസാന ഓവറില്‍ രണ്ടാം റണ്ണിന് ഓടിയ സ്‌റ്റോക്‌സിന്റെ ദേഹത്ത് തട്ടി പന്ത് ഫോറും പോയതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. ഇംഗ്ലണ്ട് ടീം ചരിത്രത്തില്‍ ആദ്യമായി ലോകകിരീടം ഉയര്‍ത്തുമ്പോള്‍ അത്യന്തം നാടകീയമായ രംഗങ്ങള്‍ക്കാണ് ലോര്‍ഡ്‌സ് സാക്ഷ്യം വഹിച്ചത്. ബ്രിട്ടീഷ് ഗ്രാന്റ് പ്രിക്‌സില്‍ ബ്രിട്ടീഷ് താരം ലൂയിസ് ഹാമില്‍ട്ടണ്‍ വിജയിക്കുകയും, വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡററെ തകര്‍ത്ത് നോവാന്‍ ദ്യോകോവിക് പുരുഷ കിരീടവും ചൂടിയ അതേ ദിവസമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ലോകകിരീടം ചൂടിയത്. 

നാല് വര്‍ഷം നീണ്ട അധ്വാനത്തിനൊടുവില്‍ ലോക ചാമ്പ്യന്‍ പദവിയില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം ബെന്‍ സ്‌റ്റോക്‌സ് മറച്ചുവെച്ചില്ല. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരമായി ഇത് മാറും. ന്യൂസിലാന്‍ഡ് വളരെ മികച്ച ടീമാണ്. ചില സമയത്ത് ഭാഗ്യം ഞങ്ങള്‍ക്കൊപ്പമായി. കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണോട് തന്റെ ഭാഗത്ത് നിന്നും സംഭവിച്ച അബദ്ധത്തില്‍ ക്ഷമ ചോദിച്ചു, മത്സരശേഷം ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞു. 50-ാം ഓവറില്‍ ഗുപ്റ്റിലിന്റെ ത്രോയെ അതിജീവിക്കാന്‍ ഓടിയ സ്‌റ്റോക്‌സ് പന്ത് തട്ടി ഫോറാക്കിയതാണ് കളിയെ അട്ടിമറിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 

ഇരുടീമുകളും നന്നായി കളിച്ചു. പക്ഷെ അന്തിമവിജയം ഇംഗ്ലണ്ടിനൊപ്പം നിന്നപ്പോള്‍ അത് വേദനയായി. ഇംഗ്ലണ്ടിന് പോലും തങ്ങളുടെ വിജയം ആത്മാര്‍ത്ഥതയോടെ ആഘോഷിക്കാന്‍ പറ്റാത്തതായി. 




കൂടുതല്‍വാര്‍ത്തകള്‍.