ടോറി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ക്യാബിനറ്റ് മന്ത്രി ആംബര്‍ റൂഡ്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് ബോറിസ് ജോണ്‍സന്റെ നിലപാടുകള്‍ കടുപ്പമേറിയതും, അപകടകരവുമാണെന്ന് ആരോപിച്ചാണ് ആംബര്‍ റൂഡിന്റെ രാജി. പ്രധാനമന്ത്രി പാര്‍ലമെന്റിനെ ജനങ്ങള്‍ക്ക് എതിരാക്കുകയാണ് ചെയ്യുന്നതെന്നും ഇതുവഴി തെരുവില്‍ അക്രമങ്ങളിലേക്കും വഴിവെയ്ക്കുകയാണ് ബോറിസെന്നുമാണ് കടുത്ത റിമെയിനറായ റൂഡിന്റെ വാദം.
പെന്‍ഷന്‍സ് സെക്രട്ടറി പദത്തില്‍ നിന്നും പുറത്തുപോകവെ ബോറിസിനെ അക്രമിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും റൂഡ് നഷ്ടപ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ ക്യാബിനറ്റിലുള്ള റിമെയിന്‍ സപ്പോര്‍ട്ടിംഗ് മന്ത്രിമാരില്‍ ഏതാനും ചിലരില്‍ ഒരാളാണ് ഇവര്‍. ബോറിസ് ബ്രസല്‍സുമായി കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് തെളിവില്ലെന്നാണ് താന്‍ കരുതുന്നതെന്നും റൂഡ് കൂട്ടിച്ചേര്‍ത്തു.
ഹേസ്റ്റിംഗ്‌സ് & റൈ മണ്ഡലത്തില്‍ സ്വതന്ത്ര കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റൂഡിന്റെ പ്രഖ്യാപനം. നോ ഡീല്‍ ബ്രക്‌സിറ്റിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന 21 വിമത എംപിമാരെ പുറത്താക്കുമെന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ അവര്‍ എതിര്‍ത്തു. മാന്യതയും, ജനാധിപത്യവും വിട്ടുള്ള കളിയാണ് ഇതെന്നാണ് റൂഡിന്റെ വാദം. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഇവരുടെ രാജി ബോറിസിന് കനത്ത തിരിച്ചടിയാണ്.
ഏത് വിധേനയും ഇയുവില്‍ നിന്നും പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ബോറിസ് ജോണ്‍സന്റെ ക്യാബിനറ്റില്‍ അംഗമായതിന് റിമെയിന്‍ വിഭാഗങ്ങളില്‍ നിന്നും ആംബര്‍ റൂഡിന് കനത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു.