CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 25 Seconds Ago
Breaking Now

ബോറിസ് ജോണ്‍സനും, നിഗല്‍ ഫരാഗും കൈകോര്‍ക്കണം; സഖ്യം തെരഞ്ഞെടുപ്പ് തൂത്തുവാരിയാല്‍ പാര്‍ലമെന്റില്‍ യൂറോപ്പ് പ്രേമികളെ അടിച്ചിരുത്താം; ടോറി-ബ്രക്‌സിറ്റ് പാര്‍ട്ടി വോട്ടര്‍മാരുടെ ആഗ്രഹം പാടെ തള്ളാതെ സാജിദ് ജാവിദ്

തെരേസ മേയുടെ കരാറിനെ തോല്‍പ്പിച്ച കടുത്ത ടോറി ബ്രക്‌സിറ്റ് നേതാക്കള്‍ക്കെതിരെ മത്സരിക്കില്ലെന്നും ഫരാഗ്

'അക്കരെ ഇക്കരെ നിന്നാലെങ്ങിനെ ആശ തീരും, നമ്മുടെ ആശ തീരും' എന്ന് ഒരു ഗാനരചയിതാവ് എഴുതിവെച്ചത് പോലെയാണ് ബ്രക്‌സിറ്റിന്റെ അവസ്ഥ. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ജനങ്ങള്‍ വിധിയെഴുതിയെങ്കിലും യൂറോപ്പ് പ്രേമികളുടെ ചരടുവലി കാരണം ഈ ഫലം നടപ്പാക്കാന്‍ ഇതുവരെ യുകെ ഭരണനേതൃത്വത്തിന് സാധിച്ചിട്ടില്ല. ഇപ്പോള്‍ ബ്രക്‌സിറ്റ് ഒക്ടോബര്‍ 31 കഴിഞ്ഞും നീട്ടിവെയ്ക്കണമെന്ന നിയമം വരെ യൂറോപ്പ് അനുകൂലികള്‍ പാസാക്കിക്കഴിഞ്ഞു. അധികാരം പിടിച്ചെടുക്കാന്‍ ഇതൊരു വഴിയാക്കി ലേബര്‍ പാര്‍ട്ടിയും, യൂറോപ്പ് അനുഭാവം പ്രകടിപ്പിക്കാന്‍ ടോറി വിമതരും കൈകോര്‍ക്കുമ്പോള്‍ ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ കടലിനും, ചെകുത്താനും ഇടയിലാണ്. 

എന്നാല്‍ യൂറോപ്പ് പ്രേമം പാര്‍ലമെന്റില്‍ പ്രകടമാക്കുന്ന എംപിമാര്‍ക്ക് പണികൊടുക്കാന്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലക്ഷ്യമിടുന്നത്. ബോറിസ് ജോണ്‍സനും, ബ്രക്‌സിറ്റ് പാര്‍ട്ടി നേതാവ് നിഗല്‍ ഫരാഗും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെട്ട് ബ്രക്‌സിറ്റ് അനുകൂല എംപിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണെമന്ന് ഭൂരിപക്ഷം വോട്ടര്‍മാരും ചിന്തിക്കുന്നതായി അഭിപ്രായ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. 

സണ്‍ഡേ ടൈംസ് സര്‍വ്വെയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന പത്തില്‍ ഏഴ് പേരും, ബ്രക്‌സിറ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന പത്തില്‍ എട്ട് പേരും രണ്ട് നേതാക്കളും കൈകോര്‍ത്ത് പ്രശ്‌നപരിഹാരം കാണണമെന്ന് അഭിപ്രായപ്പെട്ടത്. വൃത്തിയായി ഒരു നോ ഡീല്‍ ബ്രക്‌സിറ്റ് ഏക പരിഹാരമാര്‍ഗ്ഗമായി പ്രധാനമന്ത്രി സ്വീകരിച്ചാല്‍ പിന്തുണ നല്‍കാമെന്ന് ബോറിസിന് മുന്നില്‍ ഫരാഗ് ഓഫര്‍ വെച്ചിട്ടുണ്ട്. ഈ പിന്തുണ സ്വീകരിക്കപ്പെട്ടാല്‍ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ് മത്സരം നേരിടുന്ന മേഖലകളില്‍ നിന്നും ബ്രക്‌സിറ്റ് പാര്‍ട്ടി അവരുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കും. 

തെരേസ മേയുടെ കരാറിനെ തോല്‍പ്പിച്ച കടുത്ത ടോറി ബ്രക്‌സിറ്റ് നേതാക്കള്‍ക്കെതിരെ മത്സരിക്കില്ലെന്നും ഫരാഗ് വ്യക്തമാക്കി. അതേസമയം ബ്രക്‌സിറ്റ് പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ സാജിദ് ജാവിദ് ഇവരുമായി കരാറില്‍ കാര്യങ്ങള്‍ നീക്കുമെന്ന വാര്‍ത്തകള്‍ തള്ളാന്‍ തയ്യാറായില്ല.  




കൂടുതല്‍വാര്‍ത്തകള്‍.