Breaking Now

നേരിട്ട് ആവശ്യപ്പെട്ടിരുന്നെങ്കിൽ രാജി ആലോചിക്കുമായിരുന്നു:പി. സി. ചാക്കോ

സ്‌പെക്ട്രം അഴിമതിയെ പറ്റിയുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമിതി അംഗങ്ങൾ നേരിട്ട് തന്റെ രാജി ആവശ്യപ്പെട്ടിരുന്നെങ്കിൽ സ്ഥാനം ഒഴിയുന്ന കാര്യം ആലോചിക്കുമായിരുന്നുവെന്ന് സമിതി അദ്ധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു.

 രാജിക്കാര്യം ഉന്നയിച്ച് സ്പീക്കർ മീരാ കുമാറിനെ സമീപിക്കുകയാണ് ജെ.പി.സിയിലെ പ്രതിപക്ഷാംഗങ്ങൾ ചെയ്തത്. എന്നെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാൻ ഒരു നിയമമുണ്ടെന്ന് തോന്നുന്നില്ല- ചാക്കോ ചൂണ്ടിക്കാട്ടി. 

മുപ്പതംഗ ജെ.പി.സിയിലെ പതിനഞ്ച് അംഗങ്ങളും അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ചാക്കോയെ നീക്കണമെന്ന് സ്‌പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ സ്‌പീക്കർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും സ്‌പീക്കർ തന്നെ നീക്കുന്നെങ്കിൽ നീക്കട്ടെയെന്നായിരുന്നു ചാക്കോയുടെ മറുപടി.

ടൂജി ഇടപാടിൽ പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റക്കാരാണെന്ന് തെളിയിക്കുന്ന ഒരൊറ്റ ഫയലോ രേഖയോ സമിതിക്ക് കണ്ടെത്താനായില്ല. അതിനാലാണ് ഇരുവരെയും റിപ്പോർട്ടിൽ പരാമർശിക്കാത്തത്. സമിതി ഇരുവരെയും വിളിച്ചു വരുത്തുന്ന കാര്യത്തിലും ഭൂരിപക്ഷാഭിപ്രായം ഉണ്ടായില്ല. മുന്‍ ടെലികോം മന്ത്രി എ.രാജയ്‌ക്ക്‌ ജെ.പി.സിയുടെ മുന്നില്‍ ഹാജരാകാൻ ഒരവസരം നൽകിയതാണെന്നും അതിനാല്‍ വീണ്ടും വിളിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സമതിയിലെ ബി.ജെ.പി,​ സി.പി.​എം, സി.പി.ഐ,​ ബിജു ജനതാദൾ, ഐക്യ ജനതാദൾ, തൃണമൂൽ കോൺഗ്രസ്,​ ഡി.എം.കെ,​ എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികളാണ് ചാക്കോയെ നീക്കണമെന്ന് സ്‌പീക്കറോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷാംഗങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് കഴിഞ്ഞാഴ്ച്ച കൂടാനിരുന്ന ജെ.പി.സി യോഗം മാറ്റിവച്ചിരുന്നു. ഇനി മെയ് രണ്ടിനോ മൂന്നിനോ യോഗം ചേരാനാണ് തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.