അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബ്ലാക്‌ബേണിനെ പ്രതിനിധീകരിക്കാന്‍ ഈ എന്‍എച്ച്എസ് നഴ്‌സിന് അവസരം ലഭിക്കുമോ? 35 വയസ്സുള്ള എന്‍എച്ച്എസ് നഴ്‌സ് ക്ലെയര്‍ ഗില്ലിനെ ബ്ലാക്‌ബേണ്‍ സ്ഥാനാര്‍ത്ഥിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്.
നോര്‍ത്ത് യോര്‍ക്ക്ഷയറിലെ കര്‍ഷകന്റെ ഭാര്യയായ ഈ നഴ്‌സിന് നിലവിലെ ലേബര്‍ എംപി കെയ്റ്റ് ഹോളേണിനെയാണ് നേരിടേണ്ടത്. 2017 തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 20,268 ആയി വര്‍ദ്ധിപ്പിച്ച സ്ഥാനാര്‍ത്ഥിയാണ് കെയ്റ്റ്. സൈന്യത്തില്‍ സേവനം ചെയ്ത ശേഷമാണ് ഗില്‍ നഴ്‌സിംഗ് സേവനത്തിന് ഇറങ്ങിയത്. എന്‍എച്ച്എസിന്റെ വിവിധ ക്ലിനിക്കല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച അവര്‍ ഇബോള പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ യുകെയുടെ അടിയന്തര റെസ്‌പോണ്‍സ് ടീമിനൊപ്പം വിദേശ സേവനത്തിലും പങ്കെടുത്തിരുന്നു.
'ബ്ലാക്‌ബേണിലെ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാ തലത്തിലുമുള്ള ജനങ്ങള്‍ക്കും ഏറ്റവും മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുകയാണ് എംപിയെന്ന നിലയില്‍ ലക്ഷ്യമിടുക. ദേശീയതലത്തില്‍ പരിചരണം കാര്യക്ഷമമായി നല്‍കാനും യത്‌നിക്കും', ക്ലെയര്‍ ഗില്‍ പ്രതികരിച്ചു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി കൂടുതല്‍ യുവാക്കളെ അടുപ്പിക്കുന്നതും ഗില്‍ കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങള്‍ നടത്തുന്ന ചെറുകിട ബിസിനസ്സുകള്‍ നിലനില്‍ക്കണം. ബ്രക്‌സിറ്റ് ഇവര്‍ക്കെല്ലാം പോസിറ്റീവായി മാറണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശരിയായ പിന്തുണ ഇവര്‍ക്ക് നല്‍കേണ്ടതുണ്ടെന്നും നഴ്‌സ് ഗില്‍ ഓര്‍മ്മിപ്പിച്ചു.