കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനൈഡ് എത്തിച്ചെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നാണ് സയനൈഡ് എത്തിച്ചത്. സയനൈഡിനായി കോഴിക്കോട് രഹസ്യ കേന്ദ്രവുമുണ്ടെന്നാണ് അറിയുന്നത്. റിമാന്‍ഡിലായ പ്രജികുമാറിന്റെ സാമ്പത്തിക വളര്‍ച്ച കൂടി അന്വേഷിക്കും.
സയനൈഡ് വ്യാപാരിയെന്നാണ് ഇടപാടുകാര്‍ക്കിടയില്‍ പ്രജികുമാര്‍ അറിയപ്പെടുന്നത്. ധാരാളം പേര്‍ക്ക് സയനൈഡ് പ്രജികുമാര്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. നേരത്തെ കോഴിക്കോട്ടെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് സയനൈഡ് എത്തിച്ചിരുന്നത്. മരുന്ന് എന്ന കോഡ് വാക്ക് ഉപയോഗിച്ചാണ് പ്രജികുമാര്‍ സയനൈഡ് വാങ്ങിച്ചത്. ഇവിടെ വില കൂടിയതിനാലാണ് തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിയത്.
എംഎസ് മാത്യുവിനെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരിചയമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് പോലീസിന് സംശയമുണ്ടാക്കി. തുടര്‍ന്ന് പ്രജികുമാറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചുവരികയായിരുന്നു. ഈ അന്വേഷണത്തിനിടെയാണ് സയനൈഡിന്റെ കച്ചവടം നടത്തുന്നുവെന്ന് തിരിച്ചറിഞ്ഞത്.