CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 20 Seconds Ago
Breaking Now

ബഹുമാനമില്ലാത്തതും വഴിതെറ്റിക്കാനുള്ള ശ്രമവും ; സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി തള്ളാന്‍ കാരണങ്ങള്‍ നിരത്തി ഗുജറാത്ത് ഹൈക്കോടതി

കോടതിയെ വഴിതെറ്റിക്കാന്‍ സഞ്ജീവ് മനഃപൂര്‍വമായ ശ്രമം നടത്തിയെന്നും അതുകൊണ്ട് അദ്ദേഹത്തിന് ആശ്വാസം നല്‍കുന്ന നടപടിയെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരെ രൂക്ഷമായ ഭാഷയില്‍ നിരീക്ഷണം നടത്തി ഗുജറാത്ത് ഹൈക്കോടതി. കസ്റ്റഡി മരണക്കേസില്‍ തനിക്കെതിരായ ശിക്ഷ ഒഴിവാക്കാനായി സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കോടതികളോട് സഞ്ജീവിന് ബഹുമാനക്കുറവുണ്ടെന്നായിരുന്നു ജസ്റ്റിസുമാരായ ബെല എം. ത്രിവേദി, എ.സി റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഒരു നിരീക്ഷണം. സഞ്ജീവിനു നല്‍കിയ ശിക്ഷയില്‍ സംതൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. നേരത്തേ കോടതിയെ വഴിതെറ്റിക്കാന്‍ സഞ്ജീവ് മനഃപൂര്‍വമായ ശ്രമം നടത്തിയെന്നും അതുകൊണ്ട് അദ്ദേഹത്തിന് ആശ്വാസം നല്‍കുന്ന നടപടിയെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

നിയമം ദുരുപയോഗം ചെയ്യാനും കോടതിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ ഇതേ കാര്യം പറഞ്ഞുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

1990 നവംബറില്‍ ജംജോധ്പുര്‍ സ്വദേശിയായ പ്രഭുദാസ് വൈഷ്ണവി എന്നയാളെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം തടവാണ് അദ്ദേഹത്തിന് ജാംനഗര്‍ സെഷന്‍സ് സെഷന്‍സ് കോടതി വിധിച്ചത്. സെഷന്‍സ് കോടതി നടത്തിയ വിചാരണയില്‍ പിഴവുകളുണ്ടായെന്നു സഞ്ജീവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി.ബി നായിക് ഹൈക്കോടതിയോട് പറഞ്ഞു.ക്രിമിനല്‍ നടപടിച്ചട്ടം പ്രകാരം സെക്ഷന്‍ 197 അനുസരിച്ച് സര്‍ക്കാരിന്റെ അനുമതിയോടു കൂടി മാത്രമേ വിചാരണ നടത്താന്‍ കഴിയൂ എന്നും അത് സെഷന്‍സ് കോടതി ചെയ്തിട്ടില്ലെന്നും കാണിക്കുന്ന രേഖകള്‍ നായിക് കോടതിയില്‍ സമര്‍പ്പിച്ചു.

സഞ്ജീവിനെതിരായ ആരോപണങ്ങള്‍ ശരിയാണോയെന്ന് ഉറപ്പിക്കാന്‍ സാക്ഷിമൊഴികള്‍ പ്രോസിക്യൂഷന്‍ വിശദമായി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില താത്പര്യമുള്ള സാക്ഷികളെ മാത്രമാണു കോടതിയില്‍ ഹാജരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.രണ്ടു ദശാബ്ദക്കാലത്തോളം സഞ്ജീവ് കോടതിയുടെ വിചാരണ തടസ്സപ്പെടുത്തിയെന്നും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവ് വന്നതിനു ശേഷം മാത്രമാണു വിചാരണ നടന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മിതേഷ് അമിന്‍ വാദിച്ചു. ആവശ്യമുള്ള എല്ലാ സാക്ഷികളെയും ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.