
















തെലങ്കാനയില്‍ ആളുകള്‍ നോക്കിനില്‍ക്കേ ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു. തെലങ്കാനയിലെ വികാറാബാദ് സ്വദേശിനിയായ അനുഷ(22) യെയാണ് ഭര്‍ത്താവ് പ്രമേഷ് കുമാര്‍ (28) കൊലപ്പെടുത്തിയത്. സ്തീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രമേഷ് അനുഷയെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എട്ടുമാസം മുമ്പാണ് അനുഷയും പ്രമേഷ് കുമാറും പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം ഇരുവരും തമ്മില്‍ സ്തീധനത്തെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസം മുമ്പ് തര്‍ക്കത്തെത്തുടര്‍ന്ന് അനുഷ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പ്രമേഷ്‌കുമാര്‍ വീട്ടിലെത്തി ഇനി വഴക്കുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി അനുഷയെ വീട്ടിലേക്ക് തിരിച്ച് കൊണ്ടുവന്നു. വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാവുകയും പ്രതി ഭാര്യയെ അടിച്ചുകൊലപ്പെടുത്തുകയുമായിരുന്നു.
ദമ്പതിമാര്‍ ബൈക്കില്‍നിന്നിറങ്ങുന്നതും തുടര്‍ന്ന് അനുഷ വീട്ടിലേക്ക് മുടന്തി നടക്കുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഭാര്യ ധരിച്ചിരുന്ന ജാക്കറ്റ് പ്രമേഷ് പിറകില്‍നിന്ന് വലിച്ചൂരുകയും ഭാര്യയെ ബൈക്കിന് മുകളിലേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിലുണ്ട്.
അനുഷ നിലത്തുനിന്ന് എഴുന്നേറ്റ് വീടിന് മുന്നിലിരുന്നതും ഈ സമയം വീടിന്റെ താക്കോലുമായി അയല്‍ക്കാരി എത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. താക്കോല്‍ വാങ്ങിയ പ്രമേഷ് ഭാര്യയെ കഴുത്തില്‍പിടിച്ച് തള്ളുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയുംചെയ്തു. എന്നാല്‍, അനുഷ താക്കോല്‍ വലിച്ചെറിഞ്ഞു. ഇതോടെ പ്രകോപിതനായ പ്രമേഷ് കുമാര്‍ ഭാര്യയെ മുഖത്തടിക്കുകയും വയറ്റില്‍ ചവിട്ടുകയുമായിരുന്നു.
ഒരു തടിക്കഷണം ഉപയോഗിച്ച് തലയില്‍ നിരന്തരം അടിച്ചു. ആറുതവണയോളം യുവതിക്ക് തലയ്ക്കടിയേറ്റിട്ടുണ്ട്. അയല്‍ക്കാര്‍ പ്രമേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയായിരുന്നു. പ്രമേഷ് മര്‍ദനം അവസാനിപ്പിച്ചതിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.