ക്രിസ്മസ് ആഘോഷങ്ങള്‍ തണുത്തുറഞ്ഞ് ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ ബ്രിട്ടന്‍. ഈ ആഴ്ചാവസാനത്തോടെ താപനില 4 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്. ഇതിനിടെ രണ്ടാഴ്ച കൊണ്ട് പെയ്യേണ്ട മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങിയതോടെ ഒന്‍പത് ഇടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടയ്ക്കിടെ പെയ്തിറങ്ങുന്ന കനത്ത മഴയില്‍ നിന്നും ആശ്വാസം ലഭിക്കുന്നതോടെ തണുപ്പ് ബ്രിട്ടനെ പുതപ്പിക്കാന്‍ എത്തുമെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന വിവരം. ആഴ്ചാവസാനത്തോടെ തന്നെ കൊടുംതണുപ്പ് ആഗതമാകും.
മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ പ്രദേശങ്ങളെ പൂര്‍ണ്ണമായും കവര്‍ ചെയ്യുന്ന കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച യാത്ര ചെയ്യാനായി പുറത്തിറങ്ങുന്നവര്‍ക്ക് ഐസും, ട്രീറ്റ് ചെയ്യാത്ത റോഡില്‍ മഞ്ഞ് രൂപപ്പെടുന്നതും ശ്രദ്ധിച്ച് വേണം സഞ്ചരിക്കാന്‍. കാര്‍ഡിഫിലെ വിച്ചര്‍ച്ചില്‍ 24 മണിക്കൂറില്‍ 1.2 ഇഞ്ച് മഴയാണ് പെയ്തിറങ്ങിയത്. വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലൂടെയാണ് മഴ ബ്രിട്ടനെ വിട്ട് പുറത്തേക്ക് പോകുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ്, സൗത്ത് വെസ്റ്റിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളെ ഐസ് ബാധിക്കും.
താരതമ്യേന മഴ വിട്ടുനില്‍ക്കുമെന്നാണ് കരുതുന്നതെങ്കിലും ഒന്‍പത് ഇടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത കല്‍പ്പിക്കുന്നു. ബാരോ അപ്പോണ്‍ ഹംബര്‍, ലോ ബാര്‍ലിംഗ്‌സ്, ഷോര്‍ട്ട് ഫെറി മേഖലകളാണ് ഇതുവരെ ബാധിക്കപ്പെട്ടിരിക്കുന്നത്. നെനെ തടാകത്തിന്റെ സമീപപ്രദേശങ്ങള്‍, പീറ്റര്‍ബറോയുടെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ക്ക് പുറമെ റോക്കറില്‍ നോര്‍ത്ത് സീ, സണ്ടര്‍ലാന്‍ഡ്, വിറ്റ്‌നി ബേ നോര്‍ത്ത് സീ തുടങ്ങിയ ഭാഗങ്ങളും വെള്ളപ്പൊക്ക സാധ്യത നേരിടുന്നു. വെള്ളിയാഴ്ച പെയ്തിറങ്ങുന്ന മഴയും കനത്തത് ആകുമെന്നതിനാലാണ് വെള്ളപ്പൊക്ക സാധ്യതയും അറിയിച്ചിരിക്കുന്നത്.
വൈകുന്നേരത്തോടെ മഴ ഒഴിഞ്ഞ് നില്‍ക്കുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. മഴ മാറുന്നതോടെ താപനിലയും താഴും. ഈ ആഴ്ചയില്‍ സൗത്ത് പ്രദേശങ്ങളില്‍ താപനില 9 സെല്‍ഷ്യസിലേക്കും, നോര്‍ത്തില്‍ 5 സെല്‍ഷ്യസിലേക്കും താഴ്ന്നിരുന്നു. ഡിസംബറിലെ ആദ്യ ആഴ്ച താരതമ്യേന സാധാരണ നിലയില്‍ മുന്നോട്ട് പോയ ശേഷമാകും തണുപ്പേറുക.