യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെയെ പുറത്തേക്കുള്ള വഴി കാണിക്കുന്ന ബോറിസ് ജോണ്‍സന്റെ ബ്രക്‌സിറ്റ് കരാറിന് ഒടുവില്‍ എംപിമാരുടെ അംഗീകാരം. ജനങ്ങള്‍ ഹിതപരിശോധനയില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ വോട്ട് രേഖപ്പെടുത്തി മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് എംപിമാര്‍ തമ്മിലടി അവസാനിപ്പിച്ച് കരാറിന് അംഗീകാരം നല്‍കിയത്. ലേബര്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്ന് ഇയു വിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ കോമണ്‍സില്‍ ചരിത്രം കുറിച്ചു. കരട് നിയമത്തിന്റെ മൂന്നാം അവതരണത്തില്‍ 231നെതിരെ 330 വോട്ടുകള്‍ക്കാണ് പാസാക്കല്‍, 99 വോട്ടുകളുടെ ഭൂരിപക്ഷം.
കോമണ്‍സിലെ സുപ്രധാനമായ അവസാന പ്രതിബന്ധമാണ് ബില്‍ മറികടന്നിരിക്കുന്നത്. ബില്‍ ലോര്‍ഡ്‌സില്‍ എത്തുമ്പോള്‍ റിമെയിനര്‍ പിയേഴ്‌സ് നിരവധി ഭേദഗതികള്‍ മുന്നോട്ട് വെയ്ക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും തെരഞ്ഞെടുക്കപ്പെട്ട കോമണ്‍സിന്റെ നിലപാടിന് മുന്നില്‍ ഒടുവില്‍ അടിയറവ് പറയുമെന്നാണ് പ്രതീക്ഷ. ഈ മാസം അവസാനിക്കുന്നതോടെ തന്നെ ബില്‍ പാസാക്കി തീരുമാനിച്ച തീയതിയില്‍ ബ്രക്‌സിറ്റ് നടപ്പാക്കാമെന്നാണ് മന്ത്രിമാരുടെ മോഹം. യുകെ നിയമപുസ്തകത്തില്‍ ജനുവരി 22ന് ബില്‍ എഴുതിച്ചേര്‍ക്കും.
രാജ്യം ബ്രസല്‍സില്‍ നിന്നും വേര്‍പിരിയാന്‍ ഒരുങ്ങുന്ന വേളയില്‍ പാര്‍ലമെന്റ് തീരുമാനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഡിസംബറില്‍ ബോറിസ് നേതൃത്വത്തിലുള്ള ടോറികള്‍ക്ക് ലഭിച്ച മികച്ച വിജയമാണ് വിത്‌ഡ്രോവല്‍ ബില്‍ പാസാക്കുന്നതിലേക്ക് നയിച്ചത്. മുന്‍ രണ്ട് ടോറി ഭരണകൂടങ്ങളാണ് ബ്രക്‌സിറ്റ് ബില്‍ പാസാക്കാന്‍ കഴിയാതെ പിന്‍വാങ്ങിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍മാറ്റം ജനുവരി 31ന് രാത്രി 11 മണിക്ക് തന്നെ സംഭവിക്കുമെന്നാണ് ഇതോടെ കരുതുന്നത്. ഈ വിഷയത്തില്‍ ആശ്വാസം ആകുമെങ്കിലും ഇയുവുമായുള്ള ഭാവി ബന്ധത്തിന്റെ പേരിലുള്ള അടിതുടങ്ങാനുള്ള സമയമാണ് സംജാതമാകുന്നത്.
വ്യാപാര കരാര്‍ നേടാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന ട്രാന്‍സിഷന്‍ പിരീഡ് 2020ന് അപ്പുറത്തേക്ക് പോകേണ്ടെന്നാണ് ബോറിസിന്റെ നയമെങ്കിലും ഇയു ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. വ്യാപാര ചര്‍ച്ചകളാണ് ഇനിയുള്ള ബ്രക്‌സിറ്റ് ചര്‍ച്ചകളിലെ സുപ്രധാന വിഷയം.