കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമര്‍ശനം ഉന്നയിച്ച്ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളും. ഒരു സര്‍ക്കാര്‍ വിജയിക്കണമെങ്കില്‍ ന്യൂനപക്ഷങ്ങളെയും കൂടെ കൂട്ടണമെന്ന് ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു. അമൃത്സറില്‍ നടത്തിയ റാലിയില്‍ പങ്കെടുക്കവെയാണ് പ്രകാശ് സിങ് ബാദല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
'രാജ്യത്തെ നിലവിലെ സംഭവവികാസങ്ങളില്‍ വലിയ ആശങ്കയുണ്ട്. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടണം. ഒരു സര്‍ക്കാര്‍ വിജയിക്കണമെങ്കില്‍ ന്യൂനപക്ഷങ്ങളെയും കൂടെ കൂട്ടണം' ബാദല്‍ വ്യക്തമാക്കി.
ഹിന്ദു, മുസ് ലിം, ക്രിസ്ത്യന്‍, സിഖ് എന്നീ മതവിഭാഗങ്ങള്‍ ഒരു കുടുംബത്തെ പോലെയാണ് കഴിയുന്നത്. വിദ്വേഷം പരത്തുകയല്ല, അവര്‍ പരസ്പരം ആശ്ലേഷിക്കുകയാണ് വേണ്ടത്. മതേതര ജനാധിപത്യ രാജ്യത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. മതേതരത്വം ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ തന്നെ തകര്‍ക്കും. അധികാരത്തിലിരിക്കുന്നവര്‍ ഇന്ത്യയെ മതേതര രാജ്യമായി കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.