കൊറോണാവൈറസ് പടര്‍ന്നുപിടിച്ചത് മൂലമുള്ള ലോക്ക്ഡൗണില്‍ പലവിധ മതപരമായ ആഘോഷങ്ങളും, ആചാരങ്ങളും മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതോടെ ക്രിസ്തീയ വിശ്വാസികളുടെ സുപ്രധാനമായ ഈസ്റ്റര്‍ ആഘോഷങ്ങളും വീടുകളില്‍ ഒതുങ്ങി ആചരിക്കാനുള്ള സമയം ആഗതമാകുന്നു. ഈ ഘട്ടത്തില്‍ ഈ ആഴ്ചാവസാനം നല്‍കേണ്ട ഈസ്റ്റര്‍ സണ്‍ഡേ സര്‍വ്വീസ് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് തന്റെ അടുക്കളയില്‍ നിന്ന് നയിക്കും.
മതപരമായ ആഘോഷങ്ങളും അടച്ചിട്ട് മതിയെന്നാണ് ലോക്ക്ഡൗണ്‍ നിബന്ധന. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ കാന്റര്‍ബറി കത്തീഡ്രലില്‍ നിന്നും 1500-ഓളം വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കിയുള്ള പ്രസംഗമാണ് റവ. ജസ്റ്റിന്‍ വെല്‍ബി തന്റെ ലണ്ടന്‍ ഫ്‌ളാറ്റില്‍ വെച്ച് ഐപാഡില്‍ റെക്കോര്‍ഡ് ചെയ്തത്. വിശ്വാസികള്‍ ലോക്ക്ഡൗണില്‍ വീടുകളില്‍ തുടരുന്ന അവസ്ഥയിലാണ് ഈ നീക്കം.
സാധാരണ ജീവിതത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ആര്‍ച്ച്ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പ്രാമുഖ്യം നല്‍കുക. ഇതിന് പുറമെ മഹാമാരിക്കെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ജനങ്ങളുടെ ധൈര്യത്തെയും പുകഴ്ത്തും. 'ഒരുപാട് സഹിച്ചും, സുപ്രധാന ജീവനക്കാരും എന്‍എച്ച്എസും കാണിച്ച ഹീറോയിസവും കഴിഞ്ഞ് എല്ലാം സാധാരണമെന്ന മട്ടില്‍ തിരിച്ചുപോകാന്‍ കഴിയില്ല. സാധാരണ ജീവിതത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ആവശ്യമാണ്', അദ്ദേഹം പറയും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകള്‍ ജോലിയും, ഭക്ഷണവും സംബന്ധിച്ച ആശങ്കയിലാണ്. പ്രിയപ്പെട്ടവരില്‍ നിന്ന് ഒറ്റപ്പെട്ട്, ഭാവി ഇരുട്ടിലാണ്. ലോകത്ത് തന്നെ ഇതാണ് അവസ്ഥ. പക്ഷെ നിങ്ങള്‍ ഒറ്റയ്ക്കല്ല. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ കല്ലിനേക്കാള്‍ ഉറപ്പുള്ള പ്രതീക്ഷയുണ്ട്. ഈ ഈസ്റ്ററിലെ കറുത്ത ദിനങ്ങളിലും നമുക്ക് പ്രതീക്ഷ നിറയ്ക്കാം. നമ്മുടെ രാജ്യവും, ലോകവും മഹാമാരിക്ക് ശേഷം എങ്ങിനെയാകുമെന്ന് സ്വപ്‌നം കാണാം, ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ക്കും.
ഈസ്റ്റര്‍ ഞായറാഴ്ച ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വെബ്‌സൈറ്റിലും, ഫേസ്ബുക്ക് പേജിലും രാവിലെ 9 മണി മുതല്‍ പ്രസംഗം കാണാം. ബിബിസി റേഡിയോ 4ല്‍ ലൈവ് പ്രക്ഷേപണവും ഉണ്ടാകും. രാജ്യത്ത് ഉടനീളമുള്ള പള്ളികള്‍ കൊറോണ കാലത്ത് ഓണ്‍ലൈന്‍ സ്ട്രീമിംഗിലേക്ക് മാറിയിട്ടുണ്ട്.