ചാരിറ്റി റണ്‍ നടത്തിയപ്പോള്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മുസ്ലീം പള്ളിയില്‍ നിന്നും വിശദീകരണം തേടി കൗണ്‍സില്‍. വിക്ടോറിയ പാര്‍ക്കില്‍ നടന്ന മുസ്ലീം ചാരിറ്റി റണ്ണിലാണ് 12 വയസ്സ് മുതലുള്ള പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ലിംഗവിവേചനം കാണിക്കുമ്പോഴും ഏവരെയും ഉള്‍ക്കൊള്ളിക്കുന്ന, കുടുംബ സൗഹൃദപരമായ റണ്‍ എന്നാണ് ഈസ്റ്റ് ലണ്ടന്‍ മോസ്‌ക് പരിപാടിയെ വിശേഷിപ്പിച്ചത്.
അതേസമയം സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പരിപാടി മികച്ചതായിരുന്നുവെന്ന് മേയര്‍ ലുഫ്താര്‍ റഹ്മാന്‍ ന്യായീകരിച്ചു. ടവര്‍ ഹാംലെറ്റ്‌സ് കൗണ്‍സിലില്‍ തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയതിന് 2015-ല്‍ പുറത്താക്കപ്പെട്ട റഹ്മാന്‍ 2022-ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വിജയിച്ചാണ് മേയറായത്. ഇയാളാണ് പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
5 കിലോമീറ്റര്‍ മത്സരത്തില്‍ വിമര്‍ശനത്തിന് സ്ഥാനമില്ലെന്നാണ് റഹ്മാന്റെ പക്ഷം. എന്നാല്‍ ഇയാള്‍ നേതൃത്വം നല്‍കുന്ന കൗണ്‍സില്‍ ഇപ്പോള്‍ സംഘാടകരോട് വിശദീകരണം തേടിയിട്ടുണ്ട്. ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ഇപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് പകരം രാജ്യത്ത് ശരിയത്ത് നിയമങ്ങള്‍ ശക്തി പ്രാപിപ്പിക്കുന്നുവെന്ന പരാതിക്ക് ആക്കം കൂട്ടുന്നതാണ് ഈ വിലക്ക്. ചാരിറ്റി ഫണ്‍ റണ്‍ ആയിട്ട് പോലും അതില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടം നല്‍കിയില്ലെന്നത് ദുരവസ്ഥയാണെന്ന് വുമണ്‍സ് പോളിസി സെന്റര്‍ വിമര്‍ശിച്ചു. സൗദി അറേബ്യയേക്കാള്‍ യാഥാസ്ഥിതികതയാണ് സംഘാടകര്‍ കാണിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.