ഈ മാസം തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഡൗണിംഗ് സ്ട്രീറ്റ്. സമ്മര്‍ ടേമില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ ക്യാബിനറ്റ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈസ്റ്റര്‍ അവധിക്കാലത്തിന് ശേഷം സ്‌കൂള്‍ തുറന്നാല്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഒരു മന്ത്രി അഭിപ്രായപ്പെട്ട വിവരം ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ കൊറോണാവൈറസ് പാരമ്യത്തില്‍ എത്തുന്നത് എപ്പോഴാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് നം.10 വക്താവ് പറഞ്ഞു. രോഗം പകരുന്നത് തടയാനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ ശ്രദ്ധ, ഇതോടൊപ്പം എന്‍എച്ച്എസിന്റെ കപ്പാസിറ്റിയും ഉയര്‍ത്തണം. ഇത്തരത്തിലാണ് ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുക, വക്താവ് കൂട്ടിച്ചേര്‍ത്തു.
കീ വര്‍ക്കര്‍മാരുടെയും, മോശം അവസ്ഥയിലുള്ളവരുടെയും മക്കള്‍ക്കൊഴികെ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അടച്ചിരിക്കുകയാണ്. ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളും റദ്ദാക്കിയിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദമേറുകയാണ്. വൈറസ് മരണസംഖ്യയും, സ്‌കൂളുകളുടെ അടച്ചിടലും തമ്മില്‍ ബന്ധമില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട് ക്യാബിനറ്റ് പരിഗണിക്കുകയും ചെയ്തു.
ശാസ്ത്രീയമായ രീതി അനുസരിച്ചാകും സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളുമെന്ന് നേരത്തെ ചാന്‍സലര്‍ ഋഷി സുനാക് ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. വൈറസിനെ നിയന്ത്രിക്കാനും ഈ വഴി തന്നെയാണ് തേടുന്നത്. യുകെയില്‍ കൊവിഡ്-19 മഹാമാരിയ്ക്കിടെ സ്‌കൂളുകള്‍ അടച്ചാല്‍ 2% മുതല്‍ 4% വരെ മരണങ്ങള്‍ കുറയ്ക്കാമെന്നായിരുന്നു ഗവേഷകര്‍ കണ്ടെത്തിയത്.