CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 16 Seconds Ago
Breaking Now

കൊറോണ മഹാമാരിക്കിടെ അന്ത്യയാത്ര നല്‍കാന്‍ പോലും കഴിയാതെ പ്രിയപ്പെട്ടവര്‍; നഴ്‌സ് മെയ് മോള്‍ക്ക് ഹഡേഴ്‌സ് ഫീള്‍ഡില്‍ അന്ത്യവിശ്രമം

യുകെയിലെ നഴ്‌സിംഗ് സമൂഹത്തിനും, യുകെ മലയാളി സമൂഹത്തിനും ഞെട്ടല്‍ സമ്മാനിച്ച് വിടവാങ്ങിയ ബ്ലാക്‌ബേണ്‍ ആശുപത്രിയിലെ മലയാളി നഴ്‌സ് മെയ് മോളുടെ സംസ്‌കാരം നടത്തി. കൊവിഡ്-19 ലോക്ക്ഡൗണ്‍ മൂലം അടുത്ത ബന്ധുക്കള്‍ക്കൊഴികെ പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി യാത്ര പറയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് മെയ് മോളുടെ സംസ്‌കാര കര്‍മ്മങ്ങള്‍ ഹഡേഴ്‌സ് ഫീല്‍ഡില്‍ നിര്‍വ്വഹിച്ചത്. 

ഫാദര്‍ ജോസ് തെക്കുനില്‍ക്കുന്നത്തില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മക്‌നള്‍ട്ടി ഫ്യൂണറല്‍ സര്‍വ്വീസ് സെന്ററില്‍ ശുശ്രൂഷകള്‍ക്ക് ശേഷം ഹഡേഴ്‌സ് ഫീല്‍ഡിലെ ഹേ ലെയിന്‍ സെമിത്തേരിയിലാണ് മെയ് മോള്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. കൊവിഡ്-19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം പാലിച്ച് ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നത്. 

കൈക്കുഴയിലെ മുഴ നീക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് നഴ്‌സ് മെയ് മോളുടെ ആരോഗ്യസ്ഥിതി വഷളായത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും ആരോഗ്യം മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ന്യൂമോണിയ പിടിപെടുകയും മാര്‍ച്ച് 18ന് മരണപ്പെടുകയുമായിരുന്നു. പരിശോധനയില്‍ ഇവര്‍ക്ക് കൊറോണാവൈറസിന് നെഗറ്റീവായി കണ്ടെത്തി. 

കോട്ടയം പുന്നത്തുറ സ്വദേശിനിയായ മെയ് മോള്‍ കടിയംപള്ളില്‍ കുടുംബാംഗമാണ്. നാട്ടിലുള്ള അമ്മയ്ക്ക് ഒരുനോക്ക് കാണാന്‍ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കൊറോണാവൈറസ് വ്യാപിച്ചതോടെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് ഈ ശ്രമങ്ങളെ തകര്‍ത്തു. മെയ് മോള്‍ക്ക് രണ്ട് സഹോദരങ്ങളാണുള്ളത്. ഇവരില്‍ ഒരാളായ ബിബി ഹഡേഴ്‌സ് ഫീല്‍ഡിലാണ് താമസം. 




കൂടുതല്‍വാര്‍ത്തകള്‍.