Breaking Now

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പൊലീസിന്റെ അനധികൃത പണപ്പിരിവ്

തൊടുപുഴ പട്ടണത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ പേരില്‍ പൊലീസ് അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതി. 32 ലക്ഷം രൂപ ചിലവുള്ള പദ്ധതിയ്ക്കായി ഒന്നര കോടിയോളം രൂപ പോലീസ് പിരിച്ചെടുത്തതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

തൊടുപുഴ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സഹായമില്ലാതെ പൊലീസ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ക്യാമറകള്‍ സ്ഥാപിക്കുന്ന ജംഗ്ഷനുകളിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഒന്നേകാല്‍ മുതല്‍ രണ്ടരലക്ഷം രൂപ വരെയും കേബിളുകള്‍ ഘടിപ്പിക്കുന്ന പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനായി പതിനായിരം രൂപയുമാണ് നല്‍കേണ്ടത്.

ഡി.വൈ.എസ്.പി നേരിട്ട് വിളിച്ചു വരുത്തുന്നതിനാല്‍ പണം നല്‍കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പല കച്ചവടക്കാരും. പണപ്പിരിവിന്റെ മുഴുവന്‍ കണക്കുകളും ശേഖരിച്ച ശേഷം ആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്ന് വ്യാപാരി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

22 ഇടങ്ങളിലായി നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് ഒന്നരമാസം മുമ്പാണ് പോലീസ് തുടക്കമിട്ടത്. 32 ലക്ഷം രൂപയായിരുന്നു പദ്ധതിയ്ക്കായി ചിലവ് കണക്കാക്കിയിരുന്നത്. ഒരു ലക്ഷത്തിപതിനായിരം രൂപ തൊടുപുഴ നഗരസഭയും അനുവദിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.