CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 6 Minutes 42 Seconds Ago
Breaking Now

ബ്രിട്ടനിലെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് മുന്നില്‍ വഴിതുറക്കുന്നു; പ്രതിവര്‍ഷം 50,000 ഇയു ഇതര ജോലിക്കാര്‍ക്കും, കുടുംബങ്ങള്‍ക്കും പ്രവേശനം; 25,000 വിദ്യാര്‍ത്ഥികള്‍ക്കും സ്വാഗതം; കുടിയേറ്റ നിയമത്തില്‍ വ്യക്തത വരുത്തി ഹോം ഓഫീസ്; ബില്‍ കോമണ്‍സില്‍

കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ചുരുങ്ങിയത് 70 പോയിന്റ് വേണം

ദശകങ്ങള്‍ക്കിടെ ആദ്യമായി ബ്രിട്ടന്‍ നടത്തിയ ഇമിഗ്രേഷന്‍ നിയമത്തിലെ മാറ്റങ്ങള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ നിന്നുള്ളവര്‍ക്ക് അനുഗ്രഹമാകും. ഇയുവിന് പുറത്ത് നിന്നും ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനിലേക്ക് കടന്നെത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് ഹോം ഓഫീസ് സ്ഥിരീകരിച്ചത്. പ്രതിവര്‍ഷം 50,000 ജോലിക്കാരും, അവരുടെ കുടുംബങ്ങളും യുകെയിലേക്ക് പ്രവേശിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഇതിന് പുറമെ 25,000 വിദ്യാര്‍ത്ഥികളും ബ്രിട്ടീഷ് മണ്ണിലെത്തും. 

ഇതോടെ ആകെ കുടിയേറ്റക്കാരുടെ എണ്ണം 75,000 എത്തും. എന്നാല്‍ ഇയു പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിക്കും. വര്‍ഷത്തില്‍ 80,000 പേരുടെ കുറവാണ് കുടിയേറ്റത്തില്‍ സംഭവിക്കുക. 2025 അവസാനിക്കുമ്പോള്‍ യുകെയില്‍ താമസിക്കുന്ന ഇയു പൗരന്‍മാരുടെ എണ്ണത്തില്‍ 4 ലക്ഷം പേരുടെ കുറവ് സംഭവിക്കുമെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ ലക്ഷ്യമിടുന്ന നെറ്റ് മൈഗ്രേഷന്‍, അഥവാ പ്രവേശിക്കുന്നവരുടെയും മടങ്ങുന്നവരുടെയും കണക്കിലെ വ്യത്യാസം വലിയ മാറ്റമില്ലാതെ തുടരുമെന്നാണ് കരുതുന്നത്. 

അടുത്ത വര്‍ഷം മുതല്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റം നടപ്പാക്കുന്നതിനായി ഇമിഗ്രേഷന്‍ & സോഷ്യല്‍ സെക്യൂരിറ്റി കോര്‍ഡിനേഷന്‍ ബില്‍ കോമണ്‍സില്‍ തിരിച്ചെത്തിച്ചു. നാല് വര്‍ഷം മുന്‍പ് ബ്രക്‌സിറ്റിനായി ജനങ്ങള്‍ വോട്ട് ചെയ്ത ഫലത്തെ ആദരിക്കാനും, സ്വതന്ത്ര യാത്രാ സംവിധാനം അവസാനിപ്പിക്കാനും ബില്‍ ലക്ഷ്യമിടുന്നു. ബില്ലിനൊപ്പം പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം ഇയുവിന് പുറത്ത് നിന്ന് പ്രതിവര്‍ഷം 30,000 സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ പ്രവേശിക്കുമെന്ന് പ്രവചിക്കുന്നു. നഴ്‌സിംഗ്, ടീച്ചിംഗ് തുടങ്ങിയ ജോലികള്‍ക്കായാണ് ഇത്. ഇവരുടെ 20,000-ഓളം വരുന്ന കുടുംബാംഗങ്ങളും, 25000 വിദ്യാര്‍ത്ഥികളും ഇതിനൊപ്പം ചേരും. 

കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ചുരുങ്ങിയത് 70 പോയിന്റ് വേണം. ഇംഗ്ലീഷ് സംസാരിക്കുന്നതിന് പുറമെ ജോലി 25,600 പൗണ്ടിന് മുകളില്‍ ശമ്പളം ലഭിക്കുന്നതും, ഉയര്‍ന്ന സ്‌കില്‍ ആവശ്യമുള്ളതുമെല്ലാം പരിഗണിച്ചാണ് പോയിന്റ് കിട്ടുക. നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത് പ്രൊഫഷണല്‍സിനും മാര്‍ച്ച് മുതല്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് വിസ സേവനം ആരംഭിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.