കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കൊറോണാവൈറസ് ചൈനയിലെ വുഹാനില്‍ നിന്നും വ്യാപനം തുടങ്ങുന്നത്. അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം സുപ്രധാനമായ പല വിവരങ്ങളും മറച്ചുവെച്ചതോടെയാണ് ലോകരാജ്യങ്ങളില്‍ ഇന്ന് കാണുന്ന വിധത്തിലുള്ള ദുരന്തം നേരിടുന്നതെന്ന പരാതി വ്യാപകമാണ്. ഈ ഘട്ടത്തിലാണ് അംഗരാജ്യങ്ങളുടെ ഒത്തൊരുമിച്ചുള്ള ആവശ്യത്തിന് മുന്നില്‍ ലോകാരോഗ്യ സംഘടന കീഴടങ്ങിയത്. ഇന്ത്യയും, യുകെയും ഉള്‍പ്പെടെ നൂറോളം രാജ്യങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി ലോകാരോഗ്യ സംഘടന കൊറോണാവൈറസില്‍ തങ്ങളുടെ ആഗോള പ്രതികരണത്തെക്കുറിച്ച് പരിശോധിക്കാന്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ചൈന പകരംവീട്ടാനെന്ന വണ്ണം ആഗോള വ്യാപാര യുദ്ധത്തിന്റെ സൂചന നല്‍കിയത്.
സ്വതന്ത്ര അന്വേഷണത്തെ പിന്തുണച്ച 100 രാജ്യങ്ങളില്‍ ഒന്നായ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ചൈനയുടെ ആദ്യ നീക്കം. ഓസ്‌ട്രേലിയന്‍ കയറ്റുമതിയില്‍ 80 ശതമാനം താരിഫാണ് ചൈന അടിയന്തരമായി അടിച്ചേല്‍പ്പിച്ചത്. തങ്ങള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടതിന് ശിക്ഷ നല്‍കുന്ന തരത്തില്‍ മുന്നറിയിപ്പുകളില്ലാതെയാണ് ചൈനയുടെ നീക്കം. അന്വേഷണത്തിന് യുകെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തില്‍ ബ്രിട്ടന് എതിരെയും ചൈന നിലപാട് സ്വീകരിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഡബ്യുഎച്ച്ഒ അന്വേഷണം പരിശോധിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ല.
കൊറോണയുടെ ഉത്ഭവം സംബന്ധിച്ച് ചൈന നിരവധി കഠിനമായ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതായി ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാമാരി ഒതുങ്ങുമ്പോള്‍ യുകെ, ചൈന ബിസിനസ്സ് സാധാരണ രീതിയില്‍ ആയിരിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയുടെ ചുവടുവെപ്പിനെ ഫോറിന്‍ ഓഫീസ് വക്താവ് സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ചൈനയുടെ യുദ്ധപ്രഖ്യാപനം. ഏപ്രില്‍ മാസത്തിലാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മാരക വൈറസിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടത്. ഒപ്പം ലോകാരോഗ്യ സംഘടന പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയും പരിശോധിക്കണമെന്ന് മോറിസണ്‍ പറഞ്ഞു.
എന്നാല്‍ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് 135 ബില്ല്യണ്‍ ഡോളര്‍ അപ്രത്യക്ഷമാകുമെന്നാണ് ചൈനീസ് മാധ്യമങ്ങളും, നേതാക്കളും ഇതിനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച ബാര്‍ലി കയറ്റുമതിയില്‍ 80.5 ശതമാനം നികുതി അടിച്ചേല്‍പ്പിച്ചത്. ഓസ്‌ട്രേലിയ തങ്ങളുടെ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നുവെന്നാണ് ചൈനയുടെ വാദം. അഞ്ച് വര്‍ഷത്തേക്ക് നികുതി പ്രാബല്യത്തിലുണ്ടാകും.