CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 2 Seconds Ago
Breaking Now

ജൂണ്‍ 1 മുതല്‍ ബ്രിട്ടന്‍ 2-ാം ഘട്ട ഇളവുകളിലേക്ക്; പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവില്ല, സ്‌കൂള്‍ തുറക്കും; സുരക്ഷ സംബന്ധിച്ച അധ്യാപകരുടെ പോരാട്ടം പരിഗണിക്കാതെ സര്‍ക്കാര്‍; രക്ഷിതാക്കള്‍ മക്കളെ സ്‌കൂളിലേക്ക് അയയ്ക്കുമോ?

ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നാല്‍ കാല്‍ഭാഗം രക്ഷിതാക്കളും കുട്ടികളെ ക്ലാസുകളിലേക്ക് അയയ്ക്കാന്‍ തയ്യാറാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്

ജൂണ്‍ 1 മുതല്‍ ബ്രിട്ടനില്‍ രണ്ടാം ഘട്ട ഇളവുകള്‍ അനുവദിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രണ്ടാം ഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കുന്നതിന് പുറമെ കൂടുതല്‍ റീട്ടെയില്‍ ഷോപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കൂടാതെ സാമൂഹിക വിലക്കുകള്‍ കുറച്ച് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കത്തില്‍ വരാനും ഈ ഇളവുകള്‍ വഴിയൊരുക്കും. 

'ജൂണ്‍ 1ന് രണ്ടാം ഘട്ടം ആരംഭിക്കുമ്പോള്‍ ഷോപ്പുകള്‍ തുറക്കുന്നതിന് പുറമെ പ്രൈമറി വിദ്യാര്‍ത്ഥികളെ ഘട്ടം ഘട്ടമായി സ്‌കൂളിലേക്ക് മടക്കിയെത്തിക്കും, റിസപ്ഷന്‍ 1, 6 ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന് അവസരം. അവശ്യമല്ലാത്ത റീട്ടെയില്‍ മേഖലകളിലും, കൂടുതല്‍ സാമൂഹിക ബന്ധങ്ങളും ഈ ഘട്ടത്തില്‍ അനുവദിക്കും. നമ്മള്‍ നല്ല പുരോഗമനം നേടുന്നുണ്ട്, എന്നാല്‍ ഇത് താല്‍ക്കാലികമാണ്. രോഗത്തിന്റെ എണ്ണം കുറയ്ക്കണം', പ്രധാനമന്ത്രി വ്യക്തമാക്കി.

118 കൊറോണാവൈറസ് മരണങ്ങള്‍ ബ്രിട്ടന്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയേക്കാള്‍ 30 ശതമാനം കുറവ്. ഇതോടെ ആകെ മരണസംഖ്യ 36,793 ആയി. സാമൂഹിക അകലം നടപ്പാക്കാന്‍ തയ്യാറാകുന്ന ഷോപ്പുകള്‍ക്കാണ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി ലഭിക്കുക. ജൂണ്‍ 1ന് റിസപ്ഷന്‍, ഇയര്‍ 1, 6 ക്ലാസുകാര്‍ പ്രൈമറി സ്‌കൂളുകളില്‍ മടങ്ങിയെത്തുമെന്ന് ബോറിസ് സ്ഥിരീകരിച്ചു. 

25000 വരുന്ന ട്രാക്കര്‍മാരുടെ സൈന്യത്തെ റിക്രൂട്ട് ചെയ്തതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്‍ഫെക്ഷന്‍ പിടിപെട്ട രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ഇവര്‍ ചെയ്യുക. ഇളവുകള്‍ അനുവദിക്കുന്നതിന് മുന്‍പ് ഈ പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ശാസ്ത്രീയ ഉപദേശകര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും അധ്യാപക യൂണിയനുകളും തമ്മില്‍ സുരക്ഷ സംബന്ധിച്ച് ആഴ്ചകളായി നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് സ്‌കൂള്‍ തുറക്കുന്നതില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചത്. 

ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നാല്‍ കാല്‍ഭാഗം രക്ഷിതാക്കളും കുട്ടികളെ ക്ലാസുകളിലേക്ക് അയയ്ക്കാന്‍ തയ്യാറാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ തുറക്കേണ്ടത് അനിവാര്യമാണെന്ന് ബോറിസ് വ്യക്തമാക്കി. എല്ലാ സ്‌കൂളുകളും വരും ആഴ്ചകളില്‍ തുറക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.