കൊറോണാവൈറസ് ബാധിച്ച് കുട്ടികള്‍ ഗുരുതരാവസ്ഥയിലേക്ക് പോകാനുള്ള സാധ്യതയ്ക്ക് പുറമെ ഇവര്‍ രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യതയും കുറവാണെന്ന് സ്ഥിരീകരിച്ച് ലണ്ടന്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റല്‍ ഗവേഷകര്‍. യൂറോപ്പില്‍ കൊവിഡ്-19 പ്രതിസന്ധി മൂര്‍ച്ഛിച്ച് നിന്ന ഏപ്രില്‍ മാസത്തില്‍ വൈറസ് പിടിപെട്ട മൂന്ന് വയസ്സ് മുതലുള്ള 582 കുട്ടികളുടെ രോഗവിവരങ്ങളാണ് പഠനവിധേയമാക്കിയത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ച 363 പേരില്‍ 8 ശതമാനം പേര്‍ക്ക്, (പത്തില്‍ ഒരാള്‍ക്ക്) മാത്രമാണ് ഇന്റന്‍സീവ് കെയര്‍ ആവശ്യമായി വന്നത്.
കേവലം നാല് രോഗികളാണ് ഈ ഗവേഷണത്തിനിടെ മരിച്ചത്. എന്നാല്‍ കൊവിഡ്-19 ടെസ്റ്റിംഗ് നടത്തി, സഹായം തേടിയ രോഗികളെ മാത്രം ഉള്‍പ്പെടുത്തിയാണ് പഠനം നടന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ചെറിയ ലക്ഷണങ്ങള്‍ കാണിച്ച കേസുകള്‍ ഇതില്‍ ഉള്‍പ്പെടാന്‍ ഇടയില്ല. അതുകൊണ്ട് ഈ പഠനഫലം വെച്ച് കണക്കുകൂട്ടല്‍ നടത്തരുതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
എന്നിരുന്നാലും പഠനഫലം ചില ഉറപ്പുകള്‍ നല്‍കുന്നുവെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ലീഡ് റിസേര്‍ച്ചര്‍ ഡോ. മാര്‍ക് ടെബ്രുഎഗ്ഗി പറഞ്ഞു. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ 3 മില്ല്യണ്‍ ഒരു അംശം സാധ്യത മാത്രമാണുള്ളതെന്ന് സര്‍ക്കാരിന് വേണ്ടി പഠനം നടത്തിയ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റീഷ്യനും കണ്ടെത്തിയിരുന്നു.
ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ സുരക്ഷ ലഭ്യമാക്കാതിരുന്നാല്‍ കുട്ടികള്‍ വൈറസ് വാഹകരായി വീടുകളിലെ മുതിര്‍ന്നവരെ രോഗബാധിതരാക്കുമെന്ന സംശയങ്ങള്‍ ചര്‍ച്ചകളായി ഉയരുമ്പോഴാണ് ഈ പഠനഫലം പുറത്തുവരുന്നത്. മൂന്ന് മാസക്കാലം ബ്രിട്ടനെ വലച്ച വൈറസിന്റെ പ്രഭാവം കുറഞ്ഞ് വരികയാണ്. ഒടുവിലായി 149 പേരുടെ മരണമാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ മരണസംഖ്യ 43,230 എത്തി.