CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 21 Seconds Ago
Breaking Now

'എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മെഡല്‍ കൊടുക്കണം'! 105 ദിവസം വെന്റിലേറ്ററില്‍; 141 ദിവസത്തെ റെക്കോര്‍ഡ് ആശുപത്രി വാസം പൂര്‍ത്തിയാക്കി യുകെയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കൊവിഡ്-19 രോഗബാധിത വീട്ടിലേക്ക് മടങ്ങി; രോഗത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ആശ്വാസത്തിന്റെ തീരത്തേക്ക്!

40 ദിവസക്കാലം കോമയില്‍ ആയിപ്പോയ ഫാത്തിമയെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

141 ദിവസക്കാലം ആശുപത്രിയില്‍ കൊവിഡ്-19, ന്യൂമോണിയ, സെപ്‌സിസ് എന്നിവ ബാധിച്ച് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ പോരാട്ടം നടത്തിയ സ്ത്രീ ഒടുവില്‍ വീട്ടിലേക്ക് മടങ്ങി. മൊറോക്കോയിലെ മുഹമ്മദീയയില്‍ ഒരു മാസം യാത്ര ചെയ്ത് യുകെയില്‍ മടങ്ങിയെത്തിയപ്പോഴാണ് 35-കാരി ഫാത്തിമ ബ്രൈഡില്‍ കൊറോണാവൈറസ് ബാധിതയായത്. യുകെയിലെ ലോക്ക്ഡൗണ്‍ കാലം മുഴുവന്‍ സൗത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വൈറസിനെതിരായ പോരാട്ടത്തിലായിരുന്നു ഈ മുന്‍ ലാബ് ടെക്‌നീഷ്യന്‍. 

40 ദിവസക്കാലം കോമയില്‍ ആയിപ്പോയ ഫാത്തിമയെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 105 ദിവസമാണ് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായം ഇവര്‍ക്ക് ആവശ്യമായി വന്നത്. തന്റെ ജീവന്‍ രക്ഷിച്ചത് എന്‍എച്ച്എസ് തന്നെയാണെന്ന് ഫാത്തിമ ബ്രൈഡില്‍ പ്രതികരിച്ചു. എല്ലാ ജീവനക്കാരും മെഡലിന് അര്‍ഹരാണെന്നും സന്തോഷം മറച്ചുവെയ്ക്കാതെ അവര്‍ വ്യക്തമാക്കി. 

'ഒരു ഘട്ടത്തില്‍ മരിച്ചിരുന്നെങ്കിലെന്ന് ആശിച്ച് പോയി. വളരെ ഭയപ്പെടുത്തുന്ന അവസ്ഥയായിരുന്നു. ഉച്ചത്തില്‍ കരയണമെന്ന് തോന്നിയിട്ട് അതിന് പോലും സാധിച്ചില്ല', ഫാത്തിമ പറഞ്ഞു. ഈ ദിവസങ്ങള്‍ക്കിടെ ഇവരുടെ ശ്വാസകോശങ്ങള്‍ തകര്‍ന്നിരുന്നു, അതുകൊണ്ട് തന്നെ ഭാവിയില്‍ പൂര്‍ണ്ണമായ രീതിയില്‍ ശ്വാസോച്ഛ്വാസം ഇനി സാധ്യവുമല്ല. മുന്‍ സൈനികനായ ഭര്‍ത്താവ് ട്രേസിയും രോഗബാധിതനായിരുന്നു. അഞ്ച് മാസക്കാലമായി ഇരുവരും തമ്മില്‍ കണ്ടിട്ട്. 

മെഡിക്കല്‍ അത്ഭുതമാണ് തന്റെ ശരീരം പ്രവര്‍ത്തിച്ചതെന്ന് ഫാത്തിമ കരുതുന്നു. വീട്ടില്‍ എത്തിച്ചെങ്കിലും ഇവരെ മെഡിക്കുകള്‍ നിരീക്ഷിക്കുന്നുണ്ട്. എന്‍എച്ച്എസിന് വേണ്ടി ജോലി ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഇവര്‍. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യം കൂടിയ രോഗബാധിതയുടെ രോഗമുക്തിയില്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് സന്തോഷം രേഖപ്പെടുത്തി. ബ്രിട്ടനില്‍ കൊറോണ ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ച പശ്ചാത്തലത്തിലാണ് ഈ ആശ്വാസ വാര്‍ത്ത.




കൂടുതല്‍വാര്‍ത്തകള്‍.