CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 18 Minutes 59 Seconds Ago
Breaking Now

ഏഷ്യന്‍, കറുത്ത വംശജര്‍ കൊവിഡ്-19 ബാധിച്ച് മരിക്കാന്‍ സാധ്യതയേറുന്നത് എന്ത് കൊണ്ട്? കാരണം അവരുടെ വാസസ്ഥലം; മലിനീകരണം നിറഞ്ഞ സ്ഥലത്താണ് ബെയിം ജനങ്ങള്‍ വസിക്കുന്നതെന്ന് കണ്ടെത്തല്‍!

ജൂണ്‍ മാസത്തില്‍ കൊവിഡ്-19 ബാധിച്ച് മരിച്ച 35 ശതമാനം പേര്‍ക്കും ശ്വാസകോശ, ഹൃദ്രോഗ പ്രശ്‌നങ്ങളുണ്ടെന്ന് ഒഎന്‍എസ്

ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള ഏഷ്യക്കാരും, കറുത്ത വംശജരും കൊവിഡ്-19 ബാധിച്ച് മരിക്കാനുള്ള കാരണം ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ മലിനീകരണമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ഏറ്റവും ഉയര്‍ന്ന മലിനീകരണമുള്ള മേഖലകളില്‍ മരണനിരക്ക് ഏഴ് ശതമാനം അധികമാണെന്ന് കണ്ടെത്തിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. അതേസമയം ഇത്തരം സ്ഥലങ്ങളിലാണ് ന്യൂനപക്ഷ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

വിഷലിപ്തമായ വായു നിറഞ്ഞ മേഖലകളില്‍ വസിക്കുന്നത് വൈറസിന്റെ കടുപ്പം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല മരണസംഖ്യയും ഉയര്‍ത്തുമെന്നും ഒഎന്‍എസ് പറയുന്നു. ലണ്ടനിലും, മറ്റ് മലിനീകരണം ഉയര്‍ന്ന സ്ഥലങ്ങളിലെയും മഹാമാരിയുടെ അവസ്ഥ ഇതിന് ഉദാഹരണമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നു. ഏഷ്യക്കാരിലും, കറുത്തവരിലും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലും സന്തുലിതമല്ലാത്ത അവസ്ഥ രൂപപ്പെടുന്നതിന് പിന്നിലുള്ള നിരവധി ഘടകങ്ങളില്‍ ഒന്ന് ഇത് തന്നെയാണെന്ന് ഒഎന്‍എസ് ചൂണ്ടിക്കാണിക്കുന്നു. 

ഉയര്‍ന്ന മലിനീകരണ തോത് പ്രശ്‌നങ്ങളിലേക്ക് സംഭാവന ചെയ്‌തേക്കാമെന്ന് ശാസ്ത്രജ്ഞരും വ്യക്തമാക്കി. ബ്രിട്ടനിലെ ബെയിം വിഭാഗങ്ങള്‍ക്ക് കൊറോണാവൈറസ് പിടിപെട്ട് മരിക്കാനുള്ള സാധ്യത വെള്ളക്കാരേക്കാള്‍ കൂടുതലാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരുന്നു. വംശീയ ന്യൂനപക്ഷങ്ങള്‍ പാവപ്പെട്ടവരും, മോശം ആരോഗ്യസ്ഥിതിയും ഉള്ളവരാണെന്നതിന് പുറമെ പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലുള്ള ജോലികള്‍ ചെയ്യുന്നതും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. 

ജൂണ്‍ മാസത്തില്‍ കൊവിഡ്-19 ബാധിച്ച് മരിച്ച 35 ശതമാനം പേര്‍ക്കും ശ്വാസകോശ, ഹൃദ്രോഗ പ്രശ്‌നങ്ങളുണ്ടെന്ന് ഒഎന്‍എസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിലേക്ക് നയിക്കുന്നത് വായുമലിനീകരണം ആകാമെന്നാണ് കരുതുന്നത്. ഒഎന്‍എസിന്റെ ഈ കണക്കുകളും, സ്ഥിരീകരണവും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ചില വിദഗ്ധര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.