Breaking Now

മലയാളികള്‍ ഒത്തുപിടിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ? അങ്ങിനെ ലണ്ടനില്‍ നിന്നും നേരിട്ട് കൊച്ചിയിലേക്ക് വിമാനം പറക്കും, സെപ്റ്റംബറില്‍; വര്‍ഷങ്ങളായുള്ള മലയാളികളുടെ ആഗ്രഹത്തിന് കൊവിഡ് കാലത്ത് രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയത് യുകെയിലെ ഈ മലയാളി വനിതാ സോളിസിറ്റര്‍; വന്ദേഭാരത് വിമാന സര്‍വ്വീസ് സ്ഥിരം സര്‍വ്വീസാകുമോ?

നാട്ടിലേക്ക് നേരിട്ടുള്ള വിമാനമെന്ന സ്വപ്‌നം സഫലമാക്കാന്‍ അരയും തലയും മുറുക്കി വര്‍ഷങ്ങളായി നിരവധി മലയാളികള്‍ രംഗത്തുണ്ട്

യുകെയിലെ മലയാളി സമൂഹം വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്, നാട്ടിലേക്ക് നേരിട്ടൊരു ഫ്‌ളൈറ്റ്. ഡല്‍ഹിയിലും, മുംബൈയിലും ചെന്ന് കാത്തുകെട്ടി നില്‍ക്കാതെ നേരിട്ട് സ്വന്തം നാട്ടില്‍ ചെന്നിറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന സ്വപ്‌നത്തിന് പക്ഷെ സര്‍ക്കാര്‍ പച്ചക്കൊടി വീശിയില്ല. നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെ സമ്മര്‍ദം ഒഴിവാക്കി മലയാളികള്‍ക്ക് അനുകൂലമായ ഒരു തീരുമാനം എടുക്കാന്‍ ഒടുവില്‍ ഒരു മഹാമാരി വേണ്ടിവന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ സെപ്റ്റംബറില്‍ കൊച്ചിയിലേക്ക് നേരിട്ട് പറക്കും. മലയാളികളുടെ ചിരകാല അഭിലാഷം പൂര്‍ത്തിയാക്കുമ്പോള്‍ നന്ദി പറയേണ്ട നിരവധി ആളുകളുണ്ട്. അതില്‍ ചിലര്‍ മനഃപ്പൂര്‍വ്വം മറന്നുപോകുന്ന ഒരു പേരുണ്ട്, ഷൈമാ അമ്മാള്‍. 

യുകെ മലയാളികളുടെ സ്വപ്‌നയാത്ര വന്ദേഭാരത് മിഷനിലൂടെ തല്‍ക്കാലത്തേക്ക് ഫലപ്രാപ്തിയില്‍ എത്തുമ്പോള്‍ യുകെയിലെ സോളിസിറ്ററായ ഷൈമ അമ്മാളിന്റെ പങ്ക് വിസ്മരിക്കപ്പെടാന്‍ പാടില്ല. നാട്ടിലേക്ക് നേരിട്ടുള്ള വിമാനമെന്ന സ്വപ്‌നം സഫലമാക്കാന്‍ അരയും തലയും മുറുക്കി വര്‍ഷങ്ങളായി നിരവധി മലയാളികള്‍ രംഗത്തുണ്ട്. എയര്‍ ഇന്ത്യയുടെ സേവനം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രമുഖ വിഭാഗമാണ് മലയാളി സമൂഹം. എന്നിട്ടും ബ്രിട്ടനില്‍ നിന്നും, മറ്റ് യൂറോപ്യന്‍ നാടുകളില്‍ നിന്നും സ്വന്തം നാട്ടില്‍ ചെന്നിറങ്ങാന്‍ എയര്‍ ഇന്ത്യ അവര്‍ക്ക് അവസരം നല്‍കിയില്ല. നോര്‍ത്ത് ഇന്ത്യന്‍ ലോബികള്‍ ഇതിന് പിന്നിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. 

പക്ഷെ കൊവിഡ്-19 അത്തരം പിടിവാശികള്‍ക്കെല്ലാം വിലങ്ങിട്ടു. എത്രയും കൂടുതല്‍ ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നുവോ അത്രയും നല്ലത് എന്ന മാനസിക സ്ഥിതി എത്തിയിട്ടും നാട്ടിലേക്കുള്ള വിമാനയാത്ര മലയാളികള്‍ക്ക് അന്യമായി നിന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുകയെന്ന 'ഹിമാലയന്‍ ദൗത്യവുമായി' തുടങ്ങിയ വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ പതിവ് പോലെ ഡല്‍ഹിയിലും, മുംബൈയിലേക്കും പറന്നു. ഇതില്‍ കയറുന്ന മലയാളികള്‍, പ്രത്യേകിച്ച് പ്രായമായവര്‍, വിവിധ അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, കുട്ടികള്‍ ഇവരെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ ചെന്നിറങ്ങി ക്വാറന്റൈന്‍ ചെയ്യപ്പെട്ട്, നാട്ടിലേക്ക് വന്നത് അബദ്ധമായെന്ന അവസ്ഥയില്‍ ബുദ്ധിമുട്ട് നേരിട്ടു. 

കണക്ഷന്‍ വിമാനങ്ങള്‍ക്കായി ഇവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഇതിനിടെ യുകെ ഗവണ്‍മെന്റ് ലണ്ടനില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനസര്‍വ്വീസ് നടത്തി. ഇന്ത്യയില്‍ കുടുങ്ങിയ യുകെ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയായിരുന്നു ആ വിമാനം പറന്നത്. ഇതിന് പുറമെ ഗുരുതരമായി അസുഖം ബാധിച്ച മലയാളിയെ യുകെയില്‍ നിന്നും കേരളത്തില്‍ എത്തിക്കാന്‍ ഒരു സ്വകാര്യ ചാര്‍ട്ടര്‍ വിമാനത്തിനും അനുമതി ലഭിച്ചു. ഈ വിമാനങ്ങള്‍ 10 മണിക്കൂര്‍ യാത്ര സസുഖം തികച്ചപ്പോള്‍ എന്ത് കൊണ്ട് എയര്‍ ഇന്ത്യക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തിക്കൂടാ എന്ന ചോദ്യം പ്രസക്തമായി. 

ഈ അവസരത്തിലാണ് യുകെയിലുള്ള ശ്യാംജിത്തും, മറിയാമ്മയും നാട്ടിലേക്ക് പോകാനായി ശ്രമങ്ങള്‍ ആരംഭിച്ചത്. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനെത്തിയത് യുകെയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി അഭിഭാഷക ഷൈമ അമ്മാളായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ കൊച്ചിയിലേക്കോ, തിരുവനന്തപുരത്തേക്കോ നേരിട്ടുള്ള വിമാനയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചു. യുകെയില്‍ കുടുങ്ങിയ രണ്ട് മലയാളികള്‍ക്ക് വേണ്ടി ഷൈമ അമ്മാള്‍ മുഖാന്തിരം കേരള ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിന്‍മേല്‍ (WP (c) No 12579 of 2020) കേരള ഹൈക്കോടതി മാനുഷികപരമായ നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ കൗണ്‍സിലിനോട് ഹൈക്കോടതി വിശദീകരണവും തേടി. 

വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളില്‍ തിരിമറികള്‍ ഉണ്ടാകില്ലെന്ന ഉറപ്പോടെയാണ് കേസ് കോടതി തീര്‍പ്പാക്കിയത്. പാലക്കാടുകാരിയായ ഷൈമ അമ്മാളിന്റെ ഹര്‍ജി ഈ ഉദ്യമത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കാര്യത്തില്‍ സംശയമില്ല. നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെ സമ്മര്‍ദത്തില്‍ വീണ്ടും മലയാളികളെ പറ്റിക്കാന്‍ ഒരുങ്ങിയാല്‍ കോടതിയുടെ രോഷം നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും വ്യക്തമായറിയാം. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ ആ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചത്. കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുകള്‍ തീയതി സഹിതം അവര്‍ പ്രഖ്യാപിച്ചു. 

സെപ്റ്റംബറില്‍ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പറക്കുന്ന വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 4 മുതല്‍ 25 വരെ വെള്ളിയാഴ്ചകളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്ര. സെപ്റ്റംബര്‍ 5 മുതല്‍ 26 വരെ, വെള്ളിയാഴ്ചകളില്‍ ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും വിമാനം പറക്കും. വണ്‍വേ ടിക്കറ്റിന്  425 പൗണ്ടാണ് ചെലവ്. നിലവില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായാണ് വിമാനങ്ങള്‍ കേരളത്തിലേക്ക് പറക്കുന്നതെങ്കിലും ലാഭകരമായാല്‍ എയര്‍ ഇന്ത്യ സര്‍വ്വീസ് തുടര്‍ന്നേക്കാം. 14 വര്‍ഷമായുള്ള ആവശ്യം ദൂരക്കൂടുതലിന്റെ പേരില്‍ ഒഴിവാക്കുന്നത് നഷ്ടമാണെന്ന് എയര്‍ ഇന്ത്യ തിരിച്ചറിഞ്ഞാല്‍ വരും മാസങ്ങളില്‍ എല്ലാ ആഴ്ചയിലും കേരളത്തിലേക്ക് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്ന സുപ്രധാന തീരുമാനം അവര്‍ക്ക് കൈക്കൊള്ളേണ്ടി വരും. 

വന്ദേഭാരത് മിഷനില്‍ നാട്ടിലേക്കുള്ള വിമാനമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നിരവധി പേര്‍ യത്‌നിച്ചിട്ടുണ്ട്. മുന്‍ ബ്രാഡ്‌ലി സ്റ്റോക്ക് മേയര്‍ ടോം ആദിത്യ, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, വിവിധ മലയാളി സംഘടനകള്‍ എന്നിവര്‍ക്ക് പുറമെ ഡല്‍ഹിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ പ്രവര്‍ത്തനങ്ങളും എടുത്ത് പറയേണ്ടതാണ്. എന്നാല്‍ ഇതിനെല്ലാം പുറമെ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍, വര്‍ഷങ്ങളായുള്ള ആവശ്യം എപ്പോഴെങ്കിലുമല്ല, ഇപ്പോഴാണ് നടപ്പാക്കേണ്ടതെന്ന് ഏവിയേഷന്‍ മന്ത്രാലയത്തെ കൊണ്ട് ചിന്തിപ്പിക്കാന്‍ ക്രിയാത്മകമായ നിലപാട് സ്വീകരിച്ചതും, അതിനായി പരമോന്നതമായ കേരള ഹൈക്കോടതിയെ തന്നെ പ്രയോജനപ്പെടുത്തുകയും ചെയ്ത അമ്മാള്‍ സോളിസിറ്റേഴ്‌സ് സാരഥി ഷൈമ അമ്മാളിന്റെ സേവനത്തിന് കൈയടിക്കുക തന്നെ വേണം. തന്റെ പരിശ്രമങ്ങള്‍ കേവലം വന്ദേഭാരത് ഫ്‌ളൈറ്റുകളില്‍ ഒതുങ്ങില്ലെന്ന് ഷൈമ കൂട്ടിച്ചേര്‍ക്കുന്നു. കൊവിഡ് കാലം കഴിയുമ്പോള്‍ എയര്‍ ഇന്ത്യ മലയാളികളെ വീണ്ടും മറക്കാന്‍ ശ്രമിച്ചാല്‍ ഓര്‍മ്മിപ്പിക്കാന്‍ താന്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഷൈമ അമ്മാളിന്റെ ഉറച്ച തീരുമാനം. 
കൂടുതല്‍വാര്‍ത്തകള്‍.