തിങ്കളാഴ്ച മുതല്‍ സമ്പര്‍ക്കത്തില്‍ വരുന്നവരുടെ എണ്ണം ആറ് പേരുടേതാക്കി ചുരുക്കാനുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ആഘോഷിച്ച് ബ്രിട്ടീഷുകാര്‍. ബീച്ചുകളും, പാര്‍ക്കുകളും തിങ്ങിനിറഞ്ഞതിന് പുറമെ സന്ധ്യയോടെ ബാറുകളിലേക്കും ആഘോഷം നീണ്ടു. ബോണ്‍മൗത്ത്, ബ്രൈറ്റണ്‍, ലീഡ്‌സ്, ലണ്ടന്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളിലെല്ലാം കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ നിരക്ക് ഉയരുന്നതിനെക്കുറിച്ച് ആശങ്കകള്‍ കൂടാതെ വലിയ സംഘങ്ങളായി ആളുകള്‍ ഒത്തുകൂടി. പലയിടങ്ങളിലും ആളുകളുടെ എണ്ണമേറിയതോടെ അധികൃതര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തിറങ്ങേണ്ടിവന്നു.
3330 പുതിയ കേസുകളാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, കഴിഞ്ഞ ഞായറാഴ്ചയേക്കാള്‍ 11 ശതമാനം അധികം. ശനിയാഴ്ച 3497 കേസുകളും, വെള്ളിയാഴ്ച 3539 കേസുകളും സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ കൂടുതല്‍ കൊവിഡ് അപകടം നേരിടുന്ന വ്യക്തികളെ മാത്രമായി വീട്ടിലിരുത്താനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ആരോഗ്യം, പ്രായം, ഭാരം എന്നിവ പരിശോധിച്ച് ഇതിന് അനുസൃതമായി സുരക്ഷാ പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും, ആവശ്യമെങ്കില്‍ വീട്ടില്‍ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്‌തേക്കുമെന്നാണ് വിവരം. കൊവിഡ് അപകടപരിധിയിലുള്ള 4.5 മില്ല്യണ്‍ ജനങ്ങളെയാണ് പുതിയ പദ്ധതി ബാധിക്കുക.
ആരോഗ്യസ്ഥിതി, പ്രായം, ലിംഗം, ഭാരം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ റിസ്‌ക് മോഡല്‍ തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ വ്യക്തികള്‍ക്ക് കത്ത് വഴി അയച്ച് നല്‍കും. ഇന്‍ഫെക്ഷന്‍ ഏറ്റവും ഉയര്‍ന്ന ഇടങ്ങളിലാണ് പദ്ധതി ആദ്യം ആരംഭിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളിലും ഇന്‍ഫെക്ഷന്‍ ഉയര്‍ന്നാല്‍ പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കാന്‍ തയ്യാറാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തെ സ്വാബ് സാമ്പിളുകള്‍ പൂര്‍ണ്ണമായി പരിശോധിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
185,000 സ്വാബുകള്‍ പരിശോധനയ്ക്കായി കെട്ടിക്കിടക്കുന്നുണ്ട്. അമിതഭാരം കുറയ്ക്കാന്‍ ഇറ്റലിയിലേക്കും, ജര്‍മ്മനിയിലേക്കും സാമ്പിളുകള്‍ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പുതിയ വിലക്കുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ കൃത്യമായി പാലിക്കാത്ത പക്ഷം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.