അറേഞ്ച്ഡ് വിവാഹത്തില്‍ നിന്നും പിന്‍മാറിയ മുന്‍ പങ്കാളിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് കുത്തിക്കൊന്ന പ്രതിശ്രുത വരന്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. ലെസ്റ്ററില്‍ മാര്‍ച്ച് 2-നാണ് പ്രതികാര നടപടി അരങ്ങേറിയത്. 23-കാരനായ ജിഗുകുമാര്‍ സോര്‍ത്തി കിച്ചണ്‍ കത്തി ഭാവിനി പ്രാവീണിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു. ഇതിന് പുറമെ കാലുകളിലും, പുറത്തും കുത്തിപ്പരുക്കേല്‍പ്പിച്ചു.
പല തവണ കുത്തേറ്റ 21-കാരി ഭാവിനി ലെസ്റ്ററിലെ വസതിയിലെ ലിവിംഗ് റൂമില്‍ വെച്ച് തന്നെ മരിച്ചതായി കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. പാരാമെഡിക്കുകള്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. സോര്‍ത്തിയുടെ അമിതമായ മദ്യപാനത്തില്‍ ആശങ്ക തോന്നിയതോടെയാണ് ഭാവിനി വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിന്റെ പേരിലാണ് സോര്‍ത്തി ഈ ക്രൂരതയ്ക്ക് മുതിര്‍ന്നത്.
സംഭവത്തിന് അടുത്ത ദിവസം ജോലിക്ക് ഹാജരാകാതിരുന്ന സോര്‍ത്തി, കത്തിയുമായി ഉച്ചയ്ക്ക് 12.30-ഓടെ ഭാവിനിയുടെ ലെസ്റ്ററിലെ വീട്ടിലെത്തി. വീടിനത്ത് സംസാരിക്കാനെന്ന ഭാവേന കടന്ന ശേഷമാണ് കത്തിയെടുത്ത് നാല് തവണ തുടര്‍ച്ചയായി കുത്തിയത്. മകള്‍ക്ക് പകരം തന്നെ കൊന്നുകൊള്ളാന്‍ അമ്മ സോര്‍ത്തിയോട് കാലുപിടിച്ച് അപേക്ഷിച്ചു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്ന സോര്‍ത്തിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കത്തി പുറത്ത് ഉപേക്ഷിച്ച ഇയാള്‍ പിന്നീട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി കുറ്റം ഏറ്റുപറഞ്ഞു. ഇന്ത്യയില്‍ നിന്നും ലെസ്റ്ററിലേക്ക് താമസം മാറ്റിയ സോര്‍ത്തി കോടതിയില്‍ കൊലക്കുറ്റം സമ്മതിച്ചിട്ടില്ല. നിയന്ത്രണം വിട്ടപ്പോള്‍ ഉത്തരവാദിത്വം വിട്ട് പെരുമാറിയെന്നായിരുന്നു ഇയാളുടെ വാദം.
എന്നാല്‍ രണ്ടാഴ്ചത്തെ വിചാരണയ്ക്ക് ശേഷം സോര്‍ത്തി കൊലക്കുറ്റത്തില്‍ കുറ്റക്കാരനാണെന്ന് ജൂറി വ്യക്തമാക്കി. ബുധനാഴ്ച ഇയാളുടെ ശിക്ഷ വിധിക്കും. ആജീവനാന്ത ജയില്‍ശിക്ഷയാണ് സോര്‍ത്തിയെ കാത്തിരിക്കുന്നത്.