CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 22 Seconds Ago
Breaking Now

വോളണ്ടിയര്‍ രോഗബാധിതനായത് കൊവിഡ്-19 വാക്‌സിന്‍ കാരണമല്ല; സ്ഥിരീകരിച്ച് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി; ആശ്വാസവാര്‍ത്ത

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നടത്തിവരികയായിരുന്നു

ഒടുവില്‍ ഏറെ ആശ്വാസം നല്‍കുന്ന സ്ഥിരീകരണവുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി രംഗത്ത്. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക വാക്‌സിന്‍ ട്രയല്‍സ് നിര്‍ത്തിവെയ്ക്കാന്‍ ഇടയാക്കിയ വോളണ്ടിയറിലെ രോഗാവസ്ഥയ്ക്ക് വാക്‌സിനുമായി ബന്ധമില്ലെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിരിക്കുന്നത്. രോഗിയുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ച് കൊണ്ടാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. 

ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്പനി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് വികസിപ്പിച്ച വാക്‌സിന്റെ ആഗോള പരീക്ഷണങ്ങള്‍ സെപ്റ്റംബര്‍ 6ന് നിര്‍ത്തിവെച്ചിരുന്നു. യുകെ ട്രയല്‍സില്‍ പങ്കെടുത്ത ഒരാള്‍ക്ക് ഗുരുതരമായ സൈഡ് ഇഫക്ട് രൂപപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. അപൂര്‍വ്വമായ സ്‌പൈനല്‍ ഇന്‍ഫ്‌ളമേറ്ററി ഡിസോര്‍ഡറായ ട്രാന്‍സ്‌വേഴ്‌സ് മൈലെറ്റിസാണ് പിടിപ്പെട്ടത്. എഎസ്ഇസഡ് 1222 എന്നുപേരിട്ട വാക്‌സിന്‍ മൂലം കാരണം കണ്ടെത്താന്‍ കഴിയാത്ത ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതോടെയാണ് സുരക്ഷാ റിവ്യൂവിനായി പഠനം നിര്‍ത്തിവെച്ചതെന്ന് ഓക്‌സ്‌ഫോര്‍ഡ് വ്യക്തമാക്കി.

സ്വതന്ത്ര റിവ്യൂവില്‍ രോഗത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതായി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. രോഗം വാക്‌സിനുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണെന്ന് സ്ഥിരീകരിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും ഇപ്പോള്‍ ലഭിച്ചിട്ടില്ലെന്നും റിവ്യൂ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന് പുറമെ ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും വാക്‌സിന്‍ ട്രയല്‍സ് പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം യുഎസില്‍ ഇപ്പോഴും വാക്‌സിന്‍ സംശയത്തിന്റെ നിഴലിലാണ്, അതിനാല്‍ ഇവിടെ ട്രയല്‍സ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഈ പ്രശ്‌നം രൂപപ്പെട്ടതോടെ ട്രയല്‍സ് നിര്‍ത്താന്‍ റെഗുലേറ്റര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ രോഗവിവരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ട്രയല്‍സ് പുനരാരംഭിക്കാന്‍ ഡിജിസിഐ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.