അടുത്ത വേനല്‍ക്കാലം വരെയെങ്കിലും മാസ്‌കും, സാമൂഹിക അകലവും പാലിച്ച് തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്ന് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ട്രയല്‍സ് ടീം മേധാവി ആന്‍ഡ്രൂ പൊള്ളാര്‍ഡ്. ആഗോള ടെസ്റ്റുകള്‍ വിജയകരമായി കണ്ടെത്തിയാലും കര്‍ശനമായ നിയമങ്ങള്‍ പാലിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പില്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ആകാതെ ആദ്യത്തെ ഇഞ്ചക്ഷനുകള്‍ രംഗത്തിറക്കാന്‍ കഴിയില്ല. ഇത് ആദ്യം ലഭിക്കുന്നത് ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരെ പോലുള്ളവര്‍ക്കാകും, പൊള്ളാര്‍ഡ് വിശദമാക്കി.
ഈ വര്‍ഷം അവസാനത്തോടെ ഫൈനല്‍ ട്രയല്‍സ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രൊഫസര്‍ പൊള്ളാര്‍ഡ് വ്യക്തമാക്കി. 'അടുത്ത സമ്മര്‍ വരെയെങ്കിലും ജീവിതം സാധാരണ നിലയിലേക്ക് മടങ്ങില്ല. ജൂലൈ വരെയെങ്കിലും നമുക്ക് മാസ്‌ക് വേണ്ടിവരും', പ്രൊഫ പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു. രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുന്നത് തന്നെയാണ് വൈറസിനെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. പക്ഷെ ഈ സമയത്തും നല്ല ചികിത്സകള്‍ വേണ്ടിവരും. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയാല്‍ പോലും സാമൂഹിക അകല നിയമങ്ങള്‍ ഇല്ലാതാക്കാനുള്ള അവസ്ഥ പെട്ടെന്ന് എത്തിച്ചേരില്ല, അദ്ദേഹം വ്യക്തമാക്കി.
ജനസംഖ്യയില്‍ ഉയര്‍ന്ന തോതില്‍ പ്രതിരോധശേഷി രൂപപ്പെടുന്നത് വരെ അപകടനില നേരിടുന്ന ആളുകള്‍ക്ക് വൈറസ് കിട്ടുന്നത് തടയാന്‍ കഴിയില്ല. പ്രാഥമികമായി മാസ്‌കും, സാമൂഹിക അകലവും മാറ്റാന്‍ സാധിക്കില്ല. ഗുരുതര കേസുകള്‍ വന്‍തോതില്‍ കുറഞ്ഞെങ്കില്‍ മാത്രമാണ് സര്‍ക്കാരുകള്‍ക്ക് നിബന്ധനകളില്‍ ഇളവ് നല്‍കാന്‍ കഴിയൂ, വൈറസ് അത്രയേറെ സാംക്രമികമാണ്, പ്രൊഫ പൊള്ളാര്‍ഡ് വിശദീകരിച്ചു.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ ആസ്ട്രാസെനെകയാണ് നിര്‍മ്മിക്കുന്നത്. ലോകത്തില്‍ മൂന്നാം ഘട്ട ട്രയല്‍സില്‍ എത്തിയ ഒന്‍പത് വാക്‌സിനുകളില്‍ ഒന്നാണ് ഇത്. അവസാന ഘട്ട പരീക്ഷണത്തിലൂടെ കടന്നുപോകുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ തന്നെയാണ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഈ കടമ്പ കടന്നാല്‍ മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ അംഗീകാരം വേണ്ടിവരും. ക്രിസ്മസിനകം വാക്‌സിന്‍ തയ്യാറാകാന്‍ സാധ്യത കുറവാണെന്ന് യുകെ വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് ഹെഡ് കെയ്റ്റ് ബിംഗ്ഹാമും പറഞ്ഞു.