ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക മാര്‍ക്കറ്റിംഗ് നിയമങ്ങള്‍ക്കെതിരെ ബര്‍മിംഗ്ഹാമില്‍ കിസാന്‍ റാലി. ആയിരക്കണക്കിന് ബ്രിട്ടീഷ് സിഖുകാരാണ് കര്‍ഷക റാലിയില്‍ പങ്കെടുത്തത്. പുതിയ നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് റാലി സംഘടിപ്പിച്ചത്.
യുകെയില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ വലിയ റാലിയാണ് ഇത്. കഴിഞ്ഞ ആഴ്ച സൗത്താളിലാണ് ആദ്യ റാലി സംഘടിപ്പിച്ചത്. ഇതിന്റെ പേരില്‍ ബ്രിട്ടീഷ് സിഖ് സംഘാടകയായ ദീപാ സിംഗിന് കൊവിഡ്-19 വിലക്ക് ലംഘിച്ചതിന് 10 ലക്ഷം രൂപ പിഴയും പ്രഖ്യാപിച്ചിരുന്നു.
നൂറുകണക്കിന് ട്രാക്ടറുകളും, കാറുകളും, മോട്ടോര്‍ബൈക്കും, ട്രക്കും, ലോറികളും ഇറക്കിയാണ് ബര്‍മിംഗ്ഹാമില്‍ നാല് മണിക്കൂര്‍ നീണ്ട റാലി സംഘടിപ്പിച്ചത്. ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും, മതപരമായ സംഗീതവും, പഞ്ചാബി പാട്ടുകളും റാലിയില്‍ അവതരിപ്പിച്ചു. ഇടയ്ക്കിടെ വാഹനങ്ങള്‍ നിര്‍ത്തിയതോടെ പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു.
ഗുരു നാനാക് സ്‌മെത്ത്‌വിക്കില്‍ നിന്നും ആരംഭിച്ച റാലി ബര്‍മിംഗ്ഹാം സിറ്റി സെന്റര്‍ വഴി വെസ്റ്റ് ബ്രോംവിച്ചിലെ ഗുരു ഹര്‍ റായ് ഗുരുദ്വാരയിലേക്ക് നീങ്ങി. അതേസമയം കര്‍ഷക റാലിയില്‍ ഖലിസ്ഥാന്‍ പതാകകളും ഉയര്‍ത്തിയെന്നതിന് പുറമെ ഖലിസ്ഥാന വിഘടനവാദ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. എന്നാല്‍ ബര്‍മിംഗ്ഹാം റാലിയില്‍ പിഴ ചുമത്തുകയോ, ്അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല.