CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 51 Seconds Ago
Breaking Now

ലോക്ക്ഡൗണ്‍ ഡിസംബര്‍ 2ന് അവസാനിക്കും; മദ്യപാനികള്‍ക്ക് തിരക്ക് കൂട്ടാതെ കുടിക്കാന്‍ 1 മണിക്കൂര്‍ അധികം അനുവദിക്കും; എല്ലാ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും; അടച്ചുപൂട്ടല്‍ അവസാനിക്കുമ്പോള്‍ പുതിയ കര്‍ശനമായ ടിയര്‍ 3 സിസ്റ്റം പ്രഖ്യാപിക്കാന്‍ ബോറിസ്

മുന്‍പ് ഉണ്ടായിരുന്ന ടിയര്‍ സിസ്റ്റത്തിലും കര്‍ശനമാകും പുതിയ രീതിയെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകളും സമ്മതിക്കുന്നു

ഡിസംബര്‍ 2ന് രണ്ടാം ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഊര്‍ജ്ജമേകാന്‍ രാത്രി 10 മുതല്‍ പബ്ബുകളിലും, ബാറുകളിലുമുള്ള കര്‍ഫ്യൂ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ ഇവയുടെ പ്രവര്‍ത്തനസമയം രാത്രി 11 വരെ ദീര്‍ഘിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അവസാനത്തെ ഓര്‍ഡര്‍ 10 മണിക്ക് അവസാനിക്കുമെങ്കിലും ഇതും, ഭക്ഷണവും പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂര്‍ അധികം അനുവദിക്കും. 

ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഉണര്‍വ്വേകുന്ന പദ്ധതിയിലൂടെ തെരുവില്‍ ജനക്കൂട്ടം തിങ്ങിക്കൂടുന്നത് ഒഴിവാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. ലോക്ക്ഡൗണ്‍ നടപടികള്‍ മുന്‍പ് പ്രഖ്യാപിച്ചത് പോലെ ഡിസംബര്‍ 2ന് തന്നെ അവസാനിക്കുമെന്ന് ബോറിസ് തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ പ്രഖ്യാപിക്കും. ഇതിന് പുറമെ കൊവിഡിനെ പ്രതിരോധിക്കാന്‍ പുതിയ വിന്റര്‍ പ്ലാനും അദ്ദേഹം രാജ്യത്തെ അറിയിക്കും. പുതിയ ടിയര്‍ 3 പദ്ധതിയാണ് ഇതിനായി ഉപയോഗിക്കുക. സ്പ്രിംഗ് വരെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ബിസിനസ്സുകള്‍ക്കും, പൊതുജനങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം ഉറപ്പാക്കും. ഇതിനിടയില്‍ വാക്‌സിന്‍ പ്രവര്‍ത്തനം സുഗമമായാല്‍ കൂട്ട വാക്‌സിനേഷനും ലഭ്യമാക്കും. 

ഫിസറും, യുഎസ് സ്ഥാപനമായ മോഡേണയുടെയും വാക്‌സിനുകള്‍ 95 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും, ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ആസ്ട്രാസെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്റെ ട്രയല്‍സ് പോസിറ്റീവ് ഫലങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതേസമയം പുതിയ ടിയര്‍ സിസ്റ്റം വരുമ്പോള്‍ കൂടുതല്‍ മേഖലകള്‍ ഉയര്‍ന്ന ലെവലായ മൂന്നില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. മുന്‍പ് ഉണ്ടായിരുന്ന ടിയര്‍ സിസ്റ്റത്തിലും കര്‍ശനമാകും പുതിയ രീതിയെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകളും സമ്മതിക്കുന്നു. 

'കഴിഞ്ഞ എട്ട് മാസങ്ങളില്‍ ഏറെ ബുദ്ധിമുട്ടിയും നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക് നന്ദി. അതേസമയം ദൂരത്തിലാണെങ്കിലും പ്രതീക്ഷ കാണാം', ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ക്രിസ്മസിന് ഏത് വിധത്തിലാണ് ഇളവുകള്‍ അനുവദിക്കേണ്ടതെന്ന് മന്ത്രിമാര്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.