Breaking Now

ദൈവത്തിന്റെ കരങ്ങളെ ഹൃദയാഘാതം കവര്‍ന്നു; ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയത് തലച്ചോറിലെ ബ്ലഡ് ക്ലോട്ടിന് സര്‍ജറിക്ക് വിധേയനായതിന് പിന്നാലെ; 'എനിക്ക് സുഖം തോന്നുന്നില്ല' എന്ന് അന്ത്യവാക്കുകള്‍; നാല് സ്ത്രീകളില്‍ അഞ്ച് മക്കളുമായി കുടുംബം

അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പ്രഖ്യാപിച്ചിരിക്കുന്നത്

'എനിക്ക് സുഖം തോന്നുന്നില്ല', മരണത്തിലേക്ക് പോകുന്നതിന് മുന്‍പ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പറഞ്ഞ അവസാന വാക്കുകളാണ് ഇത്. തലച്ചോറിലെ രക്തം കട്ടപിടിക്കലിന് സര്‍ജറിക്ക് വിധേയനായി വീട്ടില്‍ തിരിച്ചെത്തി രണ്ടാമത്തെ ആഴ്ചയിലാണ് അര്‍ജന്റീനിയന്‍ ഇതിഹാസത്തിന് ഹൃദയാഘാതം നേരിട്ടത്. 1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മറഡോണയുടെ 'ദൈവത്തിന്റെ കരങ്ങള്‍' ഗോളിലൂടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ പുറത്താക്കിയാണ് ആ നേട്ടം കൈവരിച്ചത്. 'നൂറ്റാണ്ടിലെ ഗോള്‍' എന്നാണ് ഈ ഹാന്‍ഡ് ഗോള്‍ പിന്നീട് വോട്ട് ചെയ്യപ്പെട്ടത്. 

അവിശ്വസനീയമായ ഫുട്‌ബോള്‍ മികവ് പ്രകടിപ്പിച്ചിരുന്ന മറഡോണ കളിക്കളത്തിന് പുറത്ത് കുപ്രശസ്തനുമായിരുന്നു. മാഫിയ സംഘങ്ങളുമായുള്ള ബന്ധങ്ങളും, സ്ത്രീവിഷയും, മദ്യവും, മയക്കുമരുന്നും അടിമയാക്കിയ കാലവും കടന്നാണ് മറഡോണ ആരാധകരുടെ മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയത്. അര്‍ജന്റീനയിലെ ബ്യൂണസ് എയേഴ്‌സിലെ വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ച ശേഷം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി സഹോദരീപുത്രനോട് പറഞ്ഞ ശേഷമാണ് അദ്ദേഹം കിടക്കയിലേക്ക് മടങ്ങിയത്. എന്നാല്‍ ഉച്ചയോടെ മറഡോണയുടെ അവസ്ഥ മനസ്സിലാക്കിയ ഒരു നഴ്‌സ് പാരാമെഡിക്കുകളുടെ സഹായം തേടി. പക്ഷെ ഈ സമയത്തിനകം ഇദ്ദേഹം മരണത്തിന് കീഴടങ്ങി. 

അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പ്രഖ്യാപിച്ചിരിക്കുന്നത്. 'നിങ്ങള്‍ ഞങ്ങളെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ചു. നിങ്ങള്‍ മഹാനാണ്. ജീവിച്ചിരുന്നത് നന്ദി ഡീഗോ. നിങ്ങളെ ആജീവനാന്തം മിസ് ചെയ്യും', പ്രസിഡന്റ് പ്രതികരിച്ചു. ബ്യൂണസ് എയേഴ്‌സിലെ തെരുവുകളിലും, ഇറ്റലിയിലെ നേപ്പിള്‍സിലും ആയിരക്കണക്കിന് ആരാധകര്‍ ബാഷ്പാഞ്ജലി നേര്‍ന്ന് തെരുവിലിറങ്ങി. യൂറോപ്പിലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് സ്റ്റേഡിയങ്ങളും നിശബ്ദതയില്‍ ആഴ്ന്നു. 

മറഡോണയ്ക്ക് അഞ്ച് മക്കളുണ്ട്. അദ്ദേഹത്തിന്റെ ഏക ഭാര്യയായ ക്ലോഡിയ വില്ലാഫേനില്‍ രണ്ട് പെണ്‍മക്കളാണുള്ളത്. ഇളയ മകന്‍ ഡീഗോ ഫെര്‍ണാണ്ടോ ദീര്‍ഘകാല കാമുകിയില്‍ ജനിച്ചതാണ്. മറ്റ് രണ്ട് മക്കളെ കൂടി മറഡോണ അംഗീകരിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ്. മറഡോണയുടെ വീട്ടിലെത്തിയ പാരാമെഡിക്കുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഒക്ടോബര്‍ 30ന് 60 തികഞ്ഞ മറഡോണ തന്റെ കല്ലറയില്‍ കുറിയ്‌ക്കേണ്ട വാചകങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഫുട്‌ബോളാണ് തനിക്ക് സന്തോഷവും, സ്വാതന്ത്ര്യവും നല്‍കിയത്. ആകാശത്തെ കൈകള്‍ കൊണ്ട് തൊട്ടത് പോലെയാണ്. ബോളിന് നന്ദി, ഒരിക്കല്‍ മറഡോണ പറഞ്ഞു. 

അതുകൊണ്ട് തന്റെ കല്ലറയില്‍ കുറിച്ച് വെയ്‌ക്കേണ്ട വാചകവും അതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു- 'Thanks to the ball'. ദൈവത്തിന്റെ കരങ്ങള്‍ കൊണ്ട് ലോകത്തെ സ്‌നേഹിപ്പിക്കാന്‍ സാധിച്ച ഡീഗോ മറഡോണ ഇനി ദൈവത്തിന്റെ കരങ്ങളില്‍ ചേര്‍ന്നിരിക്കട്ടെ!
കൂടുതല്‍വാര്‍ത്തകള്‍.