
















'ജെന്‍സി' നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം. യുവാക്കളടക്കം തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്കടക്കം തീയിടുകയും ചെയ്തു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാന്‍ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു ഒസ്മാന്‍ ഹാദിയുടെ മരണം സംഭവിച്ചത്. ധാക്കയിലെ ബിജോയ്നഗര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അജ്ഞാതര്‍ ഹാദിയെ വെടിവെക്കുകയായിരുന്നു. മുഖംമൂടി വെച്ചവരാണ് വെടിയുതിര്‍ത്തത്. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹാദിയുടെ തലയിലാണ് വെടിയേറ്റത്. ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതോടെ കൂടുതല്‍ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.
മുഹമ്മദ് യൂനസ് തന്നെയാണ് ഹാദിയുടെ വിയോഗവര്‍ത്ത ജനങ്ങളെ അറിയിച്ചത്. ഹാദിയുടെ വിയോഗം രാജ്യത്തിനുണ്ടാക്കുന്നത് വലിയ നഷ്ടമാണ് എന്നാണ് യൂനസ് പറഞ്ഞത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ ഭയവും അക്രമവും രക്തച്ചൊരിച്ചിലും കൊണ്ട് അട്ടിമറിക്കാനാകില്ലെന്നും യൂനസ് പറഞ്ഞു.
2026ല്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയായിരുന്നു ഹാദി. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തില്‍ ഹാദി മുന്‍നിരയിലുണ്ടായിരുന്നു. ഇത്തരത്തില്‍ ബംഗ്ലാദേശിലെ 'ജെന്‍സി' തലമുറയ്ക്കിടയിലെ പ്രമുഖ നേതാവായിരുന്നു ഹാദി.
ഹാദിയുടെ മരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ജതിയ ഛത്ര ശക്തി എന്ന വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ലാദേശ് പത്രമായ പ്രോതോം അലോയുടെ ഓഫീസ് സംഘം അടിച്ചുതകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. 'ഡെയ്ലി സൂപ്പര്‍സ്റ്റാര്‍' പത്രത്തിന്റെ ഓഫീസും അക്രമികള്‍ അടിച്ചുതകര്‍ത്തു. അവാമി ലീഗിന്റെ ഓഫീസുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നും പ്രതിഷേധത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഉയര്‍ന്നുകേട്ടു എന്നും വിവരമുണ്ട്.
നിരവധി രാഷ്ട്രീയകക്ഷികള്‍ ഹാദിയുടെ മരണത്തില്‍ അനുശോചനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്‍ അനുശോചനവുമായി രംഗത്തെത്തി. സംഭവത്തില്‍ ഡിസംബര്‍ 20ന് രാജ്യവ്യാപകമായി ദുഃഖാചരണം ആചരിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.