
















തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ താന്‍ പ്രഖ്യാപിച്ച നയങ്ങള്‍ നടപ്പാക്കാന്‍ ജോ ബൈഡന്‍ പ്രസിഡന്റ് കസേരയിലെ ആദ്യ ദിനങ്ങള്‍ തന്നെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. മാസ്‌ക് നിര്‍ബന്ധമാക്കുന്നത് മുതല്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് റദ്ദാക്കല്‍, പാരീസ് പരിസ്ഥിതി ഉടമ്പയില്‍ അമേരിക്കയെ തിരികെ എത്തിക്കല്‍ തുടങ്ങി നടപടികളാണ് ബൈഡന്‍ ഉറപ്പാക്കുക.
ഓഫീസിലെ ആദ്യ ദിനത്തില്‍ കൈനിറയെ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പുവെയ്ക്കാനാണ് ബൈഡന്‍ പദ്ധതിയിടുന്നത്. യാത്രാ വിലക്ക് 2017 ജനുവരിയിലാണ് ട്രംപ് നടപ്പാക്കിയത്. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങളെ ബാധിച്ച ഈ വിലക്ക് പിന്‍വലിക്കാനുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ബൈഡന്‍ ഒപ്പുവെയ്ക്കും. ഉത്തരവില്‍ ചെറിയ ഭേദഗതി വരുത്തിയെങ്കിലും നിയമപരമായ വെല്ലുവിളികളെ വിലക്ക് അതിജീവിച്ചിരുന്നു. 
പാരീസ് പരിസ്ഥിതി ഉടമ്പടിയില്‍ അമേരിക്ക തിരികെ ചേരുന്നതാണ് മറ്റൊരു പ്രധാന ഉത്തരവ്. ഗ്രീന്‍ഹൗസ് ഗ്യാസ് എമിഷന്‍ കുറയ്ക്കാനും, പ്രകൃദിസൗഹൃദപരമായ നയങ്ങള്‍ നടപ്പാക്കാനും വാഗ്ദാനം ചെയ്യുന്നതാണ് ഈ ഉടമ്പടി. 2019 നവംബറിലാണ് ട്രംപ് അമേരിക്കയെ ഇതില്‍ നിന്നും പിന്‍വലിപ്പിച്ചത്. ഉടമ്പടിയില്‍ പിന്‍മാറിയ സുപ്രധാന രാഷ്ട്രമായി മാറിയതോടെ ആഗോള തലത്തില്‍ നിന്ന് തന്നെ അമേരിക്ക രോഷം നേരിടേണ്ടി വന്നു.
മഹാമാരി കാലത്ത് വാടകക്കാരെ പുറത്താക്കുന്നത് തടയല്‍, സ്റ്റുഡന്റ് ലോണ്‍ അടവുകള്‍ മരവിപ്പിക്കല്‍, ഫെഡറല്‍ പ്രോപ്പര്‍ട്ടികളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കല്‍ തുടങ്ങിയ പദ്ധതികളും ബൈഡന്റെ പരിഗണനയിലുണ്ട്. യുഎസിന്റെ ഇമിഗ്രേഷന്‍ നയത്തില്‍ സമഗ്ര മാറ്റത്തിനും ബൈഡന്‍ തയ്യാറെടുക്കുകയാണ്.