ബ്രിട്ടനില്‍ കൊവിഡ് മുന്നേറ്റം ശോഷിച്ച് വരുന്നതായുള്ള സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം വാക്‌സിനേഷന്‍ കാല്‍ശതമാനം ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നതോടെ രാജ്യത്ത് ലോക്ക്ഡൗണ്‍ വിലക്കുകളില്‍ നിന്നും പുറത്ത് കടക്കാനുള്ള വഴിയൊരുങ്ങുകയാണ്. ആദ്യത്തെ ഡോസ് മാത്രമെങ്കിലും ലഭിച്ചാല്‍ രോഗവ്യാപനം മൂന്നില്‍ രണ്ടായി കുറയുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്.
ജൂലൈ അവസാനത്തോടെ രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും ഒരു ഡോസെങ്കിലും നല്‍കുമെന്നും ഹെല്‍ത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. 'മൂന്നിലൊന്ന് മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ എത്തിയെന്നത് നല്ല വാര്‍ത്തയാണ്. നേരത്തെ തന്നെ നടമാടിയ പഴയ സ്‌ട്രെയിനും, പുതുതായി കണ്ടെത്തിയ കെന്റ് വേരിയന്റിനെതിരെയും വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന ആത്മവിശ്വാസമുണ്ട്. കെന്റ് വേരിയന്റാണ് രാജ്യത്ത് ഇന്‍ഫെക്ഷനുകളുടെ പ്രധാന ശ്രോതസ്സ്. ആദ്യ ഡോസ് തന്നെ രോഗവ്യാപനം മൂന്നില്‍ രണ്ടായി ചുരുക്കുമെന്നാണ് തോന്നുന്നത്, ഇതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്', ഹാന്‍കോക് വ്യക്തമാക്കി.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓട്ടം കാലത്തോടെ വാക്‌സിന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിലും മുന്‍പ് വാക്‌സിന്‍ നല്‍കാമെന്നാണ് ബോറിസ് ജോണ്‍സന്‍ ലക്ഷ്യമിടുന്നത്. വാക്‌സിന്‍ ലക്ഷ്യങ്ങള്‍ പുനഃക്രമീകരിക്കുമ്പോഴും ലോക്ക്ഡൗണ്‍ മോചനം എളുപ്പത്തില്‍ സാധ്യമാകില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വാക്കുകള്‍. 20,000 ജനങ്ങള്‍ ഇപ്പോഴും ആശുപത്രികളില്‍ കഴിയുമ്പോള്‍ ജാഗ്രത പാലിക്കുന്നതാണ് ശരിയായ കാര്യമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കൊറോണാവൈറസ് വിലക്കുകളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ആഴ്ചകളുടെ വ്യത്യാസത്തിലാകും ഓരോ ചുവടും മുന്നോട്ട് വെയ്ക്കുക. മാര്‍ച്ച് 8ന് സ്‌കൂള്‍ തുറന്ന ശേഷം ഏപ്രില്‍ മാസത്തിന് മുന്‍പ് ഏതാനും ചില മാറ്റങ്ങളും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും സാമൂഹിക അകലം പാലിക്കുന്നതും, മുഖം മറയ്ക്കാന്‍ മാസ്‌ക് ധരിക്കുന്നതും ഏതാനും നാളുകള്‍ കൂടി തുടരേണ്ടി വരുമെന്നും ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.