CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 14 Seconds Ago
Breaking Now

ബ്രസീല്‍ വേരിയന്റുമായി യുകെയിലെത്തിയ യാത്രക്കാരനൊപ്പം സഞ്ചരിച്ച 136 പേരെ കണ്ടെത്താന്‍ നെട്ടോട്ടം! ആഴ്ചകള്‍ക്ക് മുന്‍പ് പോസിറ്റീവായ രോഗിയുടെ പൊടിപോലുമില്ല; ലോക്ക്ഡൗണ്‍ റോഡ്മാപ്പിനെ ഈ 'തലവേദന' ബാധിക്കില്ലെന്ന് ബോറിസ്

രണ്ട് പേരെ സൗത്ത് ഗ്ലോസ്റ്റര്‍ഷയറില്‍ ട്രാക്ക് ചെയ്‌തെങ്കിലും മൂന്നാമത്തെ ഇംഗ്ലീഷ് കേസ് ഇതുവരെ കണ്ടെത്താനായില്ല

യുകെയില്‍ ആരോഗ്യ വകുപ്പും, വിവിധ മറ്റ് വകുപ്പ് അധികൃതരും ഒരു നെട്ടോട്ടത്തിലാണ്, ഒരു 136 പേര്‍ക്കായുള്ള നെട്ടോട്ടം. ബ്രിട്ടനില്‍ പുതിയ ബ്രസീലിയന്‍ വേരിയന്റ് വൈറസുമായി കഴിഞ്ഞ മാസം വന്നിറങ്ങിയ യാത്രക്കാരനൊപ്പം സഞ്ചരിച്ച മറ്റ് യാത്രക്കാരെ കണ്ടെത്താനാണ് ഈ തെരച്ചില്‍. യുകെയില്‍ അര ഡസനോളം പേര്‍ പുതിയ സ്‌ട്രെയിനില്‍ പോസിറ്റീവായി കണ്ടെത്തിയിട്ടും ഇത് പ്രശ്‌നമാകില്ലെന്ന നിലപാടിലാണ് മന്ത്രിമാര്‍. ലോക്ക്ഡൗണില്‍ നിന്നും പുറത്തുകടക്കാനുള്ള റോഡ്മാപ്പില്‍ മാറ്റമുണ്ടാകില്ലെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 

അടുത്ത തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. പി. 1 വേരിയന്റിന് പോസിറ്റീവായ മൂന്ന് പേര്‍ ഇംഗ്ലണ്ടിലും, മൂന്ന് പേര്‍ സ്‌കോട്ട്‌ലണ്ടിലുമാണ്. രണ്ട് പേരെ സൗത്ത് ഗ്ലോസ്റ്റര്‍ഷയറില്‍ ട്രാക്ക് ചെയ്‌തെങ്കിലും മൂന്നാമത്തെ ഇംഗ്ലീഷ് കേസ് ഇതുവരെ കണ്ടെത്താനായില്ല. കൊവിഡ് ടെസ്റ്റ് സമയത്ത് പേഴ്‌സണല്‍ വിവരങ്ങള്‍ രേഖപ്പെടുത്താതെ പോയതോടെയാണ് ഈ വ്യക്തി രാജ്യത്ത് എവിടെയാണെന്ന് അധികൃതര്‍ക്ക് ഒരെത്തും പിടിയില്ലാത്ത അവസ്ഥ വന്നത്. 

ഫെബ്രുവരി 10ന് സാവോ പോളോവില്‍ നിന്നും സൂറിച്ച് വഴി ഹീത്രൂവില്‍ എത്തിയ സ്വിസ്എയര്‍ വിമാനം എല്‍എക്‌സ്318ല്‍ സഞ്ചരിച്ച 136 പേരെയാണ് അധികൃതര്‍ ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്. അറിവുള്ള ഒരു പി.1 കേസ് ഈ വിമാനത്തിലാണ് യാത്ര ചെയ്തത്. കാണാതായ വ്യക്തി ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതായി വിവരം ലഭിക്കാത്തതിനാല്‍ അത്രയൊന്നും ആശങ്ക വേണ്ടെന്ന നിലപാടിലാണ് ഹെല്‍ത്ത് സെക്രട്ടറി. ഫെബ്രുവരി 12, 13 തീയതികളില്‍ കൊവിഡ് ടെസ്റ്റ് എടുത്ത വ്യക്തിയില്‍ നിന്നും മറ്റുള്ളവരിലേക്ക് ട്രാന്‍സ്മിഷന്‍ നടന്നതായും തെളിവുകളില്ലെന്ന് ഹാന്‍കോക് പറയുന്നു. 

പുതിയ വേരിയന്റ് കൂടുതല്‍ പടരുന്നത് തടയാന്‍ ശക്തമായ ശ്രമം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്‍ഫെക്ഷന്‍ നിരക്ക് കുറഞ്ഞ അവസ്ഥയിലേക്ക് ബ്രിട്ടന്‍ എത്തുമ്പോഴാണ് പുതിയ വേരിയന്റ് അധികൃതര്‍ക്ക് തലവേദനയാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.