
















സ്‌ട്രോക്ക് വാര്‍ഡില്‍ രോഗികള്‍ക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നതിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകവും, ബലാത്സംഗവും, ലൈംഗിക അതിക്രമങ്ങളും നടത്തിയെന്ന സംശയത്തില്‍ ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പേരു വെളിപ്പെടുത്താത്ത ഈ ജീവനക്കാരന്‍ രണ്ട് രോഗികളെയും, ഒരു ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലിനെയും ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചെന്നാണ് പരാതിയുള്ളത്.
ആശുപത്രിയില്‍ സ്‌ട്രോക്ക് രോഗിയായി പ്രവേശിപ്പിക്കപ്പെട്ടിരുന്ന 75-കാരി വലേറി ക്‌നീല്‍ ആന്തരികമായി പരുക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. കൊലപാതകം, ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ കേസുകളിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തോടെ ജീവനക്കാരനെ ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ കസ്റ്റഡിയിലാണ്. 
2018 നവംബറില്‍ ഇവിടെ നടക്കുന്ന മോശം സംഭവങ്ങളെ പറ്റി വിവരം ലഭിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ക്‌നീലിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതിനിടെ സ്‌ട്രോക്ക് യൂണിറ്റില്‍ രണ്ട് രോഗികള്‍ക്ക് എതിരെ നടന്ന ഗുരുതരമായ ലൈംഗിക പീഡനങ്ങളും, ഒരു ഹെല്‍ത്ത് പ്രൊഫഷണലിന് നേരെ നടന്ന ലൈംഗിക അക്രമവും സംബന്ധിച്ച് ഓഫീസര്‍മാര്‍ക്ക് വിവരം ലഭിച്ചു.
പൊതുസമൂഹത്തിന് ബുദ്ധിമുട്ട് തോന്നാവുന്ന സംഭവങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനം. ഇതിനായി ട്രസ്റ്റിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.