CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 56 Seconds Ago
Breaking Now

പണിയെടുത്ത് നടുവൊടിഞ്ഞ നഴ്‌സുമാര്‍ക്ക് സര്‍ക്കാരിന്റെ ഔദാര്യം! സ്വന്തം ജീവന്‍ പണയംവെച്ച് ഒരു വര്‍ഷത്തോളമായി കൊവിഡ് മുന്നണിയില്‍ പോരാടുന്ന നഴ്‌സിംഗ് ജീവനക്കാര്‍ക്ക് വെറും 1% ശമ്പള വര്‍ദ്ധന ഓഫര്‍ ചെയ്ത് മന്ത്രിമാര്‍; ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉപദേശത്തിനെതിരെ നഴ്‌സുമാരുടെ രോഷം

ഈ നീക്കവുമായി മുന്നോട്ട് പോയാല്‍ ഒരു മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാരുടെ തിരിച്ചടി സര്‍ക്കാരിന് പ്രതീക്ഷിക്കാം, ആര്‍സിഎന്‍

ഒരു വര്‍ഷത്തിലേറെയായി കൊവിഡ് മുഖത്താണ് നഴ്‌സുമാര്‍ പോരാടുന്നത്. ആവശ്യത്തിന് സുരക്ഷ പോലും ലഭ്യമാക്കാത്ത സാഹചര്യങ്ങളില്‍ സ്വന്തം ജീവന്‍ പണയം വെച്ചും, ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായിട്ടും, നഴ്‌സുമാര്‍ കൊവിഡ് പോരാട്ടത്തില്‍ നിന്നും ഒളിച്ചോടിയില്ല. പക്ഷെ ആ ത്യാഗത്തിന് ബ്രിട്ടീഷ് മന്ത്രിമാര്‍ നിശ്ചയിച്ച വിലയാണ് ഇപ്പോള്‍ നഴ്‌സുമാരുടെ രോഷം ഏറ്റുവാങ്ങുന്നത്. 

മാസങ്ങളോളം ജീവന്‍ പണയംവെച്ച് നടത്തി കൊവിഡ് രോഗികളെ രക്ഷിച്ച നഴ്‌സുമാര്‍ക്ക് സമ്മാനമായി വെറും 1% ശമ്പളവര്‍ദ്ധനവ് നല്‍കാമെന്നാണ് മന്ത്രിമാരുടെ ഓഫര്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ പുറത്തുവിട്ട രേഖകളിലാണ് ഈ ഔദാര്യം കുറിച്ചിരിക്കുന്നത്. പൊതുഖജനാവില്‍ കൊവിഡ് ആഘാതം സൃഷ്ടിച്ചതാണ് ഈ ഓഫര്‍ കുറയാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. ഋഷി സുനാകിന്റെ കൊറോണാവൈറസ് ബജറ്റില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സമ്പൂര്‍ണ്ണമായി അപ്രത്യക്ഷമായിരുന്നു. 

ഇതിന് പിന്നാലെയാണ് എന്‍എച്ച്എസ് പേ റിവ്യൂ ബോഡിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു ശതമാനത്തില്‍ ഉയര്‍ന്ന വേതന വര്‍ദ്ധനവിന് മുന്‍ഗണനകള്‍ പുതുക്കി നിശ്ചയിക്കേണ്ടി വരുമെന്നാണ് കൂട്ടിച്ചേര്‍ത്തത്. 'കൊവിഡ്-19 2020ൃ21 സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടും അല്ലാതെയുമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്', റിപ്പോര്‍ട്ട് പറഞ്ഞു. 

എന്നാല്‍ ഈ ഉപദേശം വളരെ നിരാശപ്പെടുത്തുന്നതും ശോചനീയവുമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറി ഡെയിം ഡൊണാ കിനെയര്‍ പ്രതികരിച്ചു. നഴ്‌സിംഗ് സ്റ്റാഫ്, എന്‍എച്ച്എസ് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും അപകടകരമായ രീതിയില്‍ അകന്നാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. ഈ നീക്കവുമായി മുന്നോട്ട് പോയാല്‍ ഒരു മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാരുടെ തിരിച്ചടി സര്‍ക്കാരിന് പ്രതീക്ഷിക്കാം. നികുതിദായകര്‍ പോലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാന്യമായ വര്‍ദ്ധന നല്‍കുന്നതിനെ പിന്തുണയ്ക്കുകയാണ്, അവര്‍ വ്യക്തമാക്കി. 

ഈ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാലാണ് ബജറ്റില്‍ ഋഷി സുനാകിന് എന്‍എച്ച്എസ് സംബന്ധിച്ച് ഒരു പ്രഖ്യാപനവും നടത്താനില്ലാതെ പോയതെന്ന് യുണീഷന്‍ ഹെല്‍ത്ത് ഹെഡ് സാറാ ഗോര്‍ടണ്‍ പറഞ്ഞു. ഒരു ശതമാനം വര്‍ദ്ധനവ് ഹെല്‍ത്ത് ജീവനക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ അപമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നല്‍കിയ കഠിന പ്രവര്‍ത്തനത്തിന് ചേരുന്ന വര്‍ദ്ധനവാണ് ആവശ്യം, സാറ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.