CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 19 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാരെ ഇതുപോലെ കെയര്‍ ചെയ്യുന്ന വേറൊരാളില്ല! 1% ശമ്പള വര്‍ദ്ധന മാന്യമാണെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി വക 'എരിതീയില്‍ എണ്ണ'; സമരത്തിന് ഒരുങ്ങി യൂണിയനുകള്‍; വാക്‌സിന്‍ പദ്ധതിയെ തകിടം മറിക്കുമോ?

നഴ്‌സുമാര്‍ക്ക് മുന്നില്‍ ആദരവ് കൊണ്ട് കുനിയാന്‍ ആരും പഠിപ്പിക്കേണ്ടെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വാദം

എരിതീയില്‍ എണ്ണയൊഴിക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. ബ്രിട്ടനിലെ സ്ഥിതിഗതികള്‍ ആ വഴിക്കാണെന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല. കൊവിഡ് മഹാമാരി കാലത്ത് സ്വന്തം ജീവന്‍ പോലും ത്യജിച്ച് പോരാട്ടത്തിന് ഇറങ്ങിയ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഔദാര്യം പോലെ 1% ശമ്പള വര്‍ദ്ധന നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ ന്യായീകരിച്ച് രംഗത്തെത്തി കൊണ്ടാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ഈ പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കിയത്. 

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ക്കും പ്രഖ്യാപിക്കുന്ന 1 ശതമാനം വര്‍ദ്ധന മാന്യമാണെന്നും, തന്നെ പോലെ നഴ്‌സുമാരെ കെയര്‍ ചെയ്യുന്ന മറ്റൊരാളില്ലെന്നും പറഞ്ഞുകൊണ്ടാണ് എന്‍എച്ച്എസില്‍ പുകയുന്ന രോഷം ആളിക്കത്തിച്ചത്. മഹാമാരി അവസാനിക്കുമ്പോള്‍ എന്‍എച്ച്എസിന് അര്‍ഹമായ സമ്മാനം വാങ്ങിക്കൊടുക്കാന്‍ പോരാടുമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഹാന്‍കോക്. 

നഴ്‌സുമാര്‍ക്ക് മുന്നില്‍ ആദരവ് കൊണ്ട് കുനിയാന്‍ ആരും പഠിപ്പിക്കേണ്ടെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വാദം. നഴ്‌സായ തന്റെ മുത്തശ്ശിയുടെ കാല്‍ക്കല്‍ നിന്നും അത് പഠിച്ചിട്ടുണ്ട്. നഴ്‌സുമാര്‍ക്ക് 12.5 ശതമാനം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട യൂണിയനുകളെ അമ്പരപ്പിച്ച് കൊണ്ടാണ് 1% വര്‍ദ്ധനവ് തരാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയെ വരെ തകിടം മറിച്ചുള്ള സമരത്തിന് ഇറങ്ങുമെന്ന് യൂണിയനുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇന്‍ഡസ്ട്രിയല്‍ ആക്ഷനായി 35 മില്ല്യണ്‍ പൗണ്ട് ഫണ്ട് തയ്യാറാക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. സമരം നടത്തുന്നത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിംഗ് ചെയ്യാന്‍ ഒരുങ്ങുകയാണ് യുണൈറ്റ്. അടുത്ത വ്യാഴാഴ്ച ഹീറോസിന് കൈയടിക്കുമ്പോള്‍ കൂട്ട മെല്ലെപ്പോക്ക് ക്ലാപ്പ് നടത്തി പ്രതിഷേധം അറിയിക്കാനാണ് യുണീഷന്‍ തീരുമാനിച്ചിരിക്കുന്നത്. 2.1 ശതമാനം വര്‍ദ്ധവ് ഉണ്ടാകുമെന്ന് കൊവിഡിന് മുന്‍പ് പ്രഖ്യാപിച്ചത് പോലും മറന്നതിനെ എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് കുറ്റപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.