CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 31 Seconds Ago
Breaking Now

ഈസ്റ്റര്‍ തിങ്കള്‍ പത്രസമ്മേളനത്തില്‍ സര്‍പ്രൈസുകളില്ലാതെ ബോറിസ്; ഷോപ്പുകള്‍ ഏപ്രില്‍ 12ന് തുറക്കും; വിദേശ യാത്രക്ക് ട്രാഫിക് ലൈറ്റ് സിസ്റ്റം, മെയ് 17ന് വിമാനയാത്ര പുനരാരംഭിക്കുമെന്ന് ഉറപ്പ് നല്‍കാതെ പ്രധാനമന്ത്രി; വര്‍ക്ക് ഫ്രം ഹോമും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും ജൂണ്‍ 21ന് ശേഷവും തുടരും; ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാന്‍ ബ്രിട്ടന്‍ ഇനിയും കാത്തിരിക്കണം

ഗ്രീന്‍, ആംബര്‍, റെഡ് ലിസ്റ്റുകള്‍ തയ്യാറാക്കി, അതാത് രാജ്യത്തെ കേസുകളുടെ അടിസ്ഥാനത്തിലാണ് വിദേശയാത്രകള്‍ അനുവദിക്കുക

ഈസ്റ്റര്‍ തിങ്കളാഴ്ച സര്‍പ്രൈസിംഗ് പ്രഖ്യാപനങ്ങളില്ലാതെ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടനിലെ ലോക്ക്ഡൗണില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 12 മുതല്‍ അവശ്യ സേവനത്തില്‍ വരാത്ത ഷോപ്പുകളും, ജിം, ഹെയര്‍ ഡ്രസര്‍ എന്നിവര്‍ക്ക് പുറമെ പബ്ബുകളും, ബാറുകളും തുറക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റോഡ് മാപ്പ് അനുസരിച്ച് ജാഗ്രതയോടെയാണ് മുന്നോട്ടുള്ള ഓരോ ചുവടുമെന്നും, ഇതില്‍ നിന്നും വ്യതിചലിക്കാന്‍ ആവശ്യമായ വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 

ജൂണ്‍ 21ന് ലോക്ക്ഡൗണ്‍ അവസാനിച്ചാലും ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്ന് സേജ് വിദഗ്ധര്‍ പുറത്തുവിട്ട റിവ്യൂകള്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ വിലക്കുകള്‍ നീക്കിയാല്‍ മഹാമാരി നാലാമതും ഉയരങ്ങള്‍ താണ്ടുമെന്നാണ് പുതിയ തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത്. സാമൂഹിക അകലവും, മാസ്‌കും ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അടുത്ത വര്‍ഷം ഈ സമയത്തും തുടരേണ്ടി വരുമെന്ന് തന്നെയാണ് വിദഗ്ധര്‍ കരുതുന്നത്. 

ഏപ്രില്‍ 12ന് ഇംഗ്ലണ്ടിലെ നോണ്‍ എസെന്‍ഷ്യല്‍ ഷോപ്പുകള്‍, ജിം, ഹെയര്‍ഡ്രസര്‍, ലൈബ്രറികള്‍ എന്നിവയ്‌ക്കൊപ്പം പബ്ബുകളും, റെസ്റ്റൊറന്റുകളും ഔട്ട്‌ഡോര്‍ സര്‍വ്വീസും പുനരാരംഭിക്കും. വീടുകളില്‍ നിന്നും മാറി രാത്രി തങ്ങുന്നതിനും അവസരം ലഭിക്കും. ഇതിന് പുറമെ സൂ, തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളും തുറക്കും. അന്താരാഷ്ട്ര യാത്രകള്‍ ട്രാഫിക് ലൈറ്റ് സിസ്റ്റം വഴിയാണ് പുനരാരംഭിക്കുമെന്ന് പറയുമ്പോഴും മെയ് 17ന് വിമാനയാത്രകള്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. 

ഗ്രീന്‍, ആംബര്‍, റെഡ് ലിസ്റ്റുകള്‍ തയ്യാറാക്കി, അതാത് രാജ്യത്തെ കേസുകളുടെ അടിസ്ഥാനത്തിലാണ് വിദേശയാത്രകള്‍ അനുവദിക്കുക. വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കാന്‍ പബ്ബുകള്‍ക്കും, റെസ്റ്റൊറന്റുകള്‍ക്കും സര്‍ക്കാര്‍ അവസരം നല്‍കുന്നുണ്ട്. അതേസമയം വര്‍ക്ക് ഫ്രം ഹോം, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നിവയെല്ലാം ജൂണ്‍ 21ന് ശേഷവും തുടരാനാണ് സാധ്യത. വാക്‌സിന്‍ പാസ്‌പോര്‍ട്ടിന്റെ വിജയം ആസ്പദമാക്കിയാണ് സാമൂഹിക അകലം പാലിക്കുന്നതില്‍ ഇളവ് നല്‍കുക. 

ജനക്കൂട്ടം എത്തുന്ന പരിപാടികള്‍ക്ക് ടെസ്റ്റിംഗ് നടത്തി പ്രവേശനം അനുവദിക്കാനാണ് മന്ത്രിമാര്‍ ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ റോഡ് മാപ്പ് പ്രകാരം മുന്നോട്ട് പോയാലും വിലക്കുകള്‍ ഒറ്റയടിക്ക് നീക്കി മഹാമാരിയെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അടുത്ത വര്‍ഷം ഈ സമയം കൊവിഡിനെ നിയന്ത്രിക്കാനായാല്‍ സാധാരണ ജീവിതം ബ്രിട്ടന് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രമാണ് തല്‍ക്കാലം നിര്‍വ്വാഹമുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.