അടുത്ത മാസം നടക്കുന്ന ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തലസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കാന്‍ സാദിഖ് ഖാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കുറ്റകൃത്യങ്ങളെ നേരിടാനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമായാണ് മയക്കുമരുന്ന് ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാനുള്ള സാധ്യതകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ തയ്യാറെടുക്കുന്നത്.
മേയ് 6ന് വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കഞ്ചാവ് മൂലമുള്ള ആരോഗ്യ, സാമ്പത്തിക, ക്രിമിനല്‍ ജസ്റ്റിസ് ഗുണങ്ങളെ കുറിച്ച് പഠിക്കാനാണ് സ്വതന്ത്ര അന്വേഷണം നടത്താന്‍ സ്വതന്ത്ര സംഘത്തെ നിയോഗിക്കുക. ക്ലാസ് ബി വിഭാഗത്തില്‍ വരുന്ന മയക്കുമരുന്നിനോട് കൂടുതല്‍ സ്വതന്ത്രമായ സമീപനം സ്വീകരിക്കണമെന്ന് പൊതുജനങ്ങളും ആവശ്യപ്പെടുന്നു.
റിക്രിയേഷണല്‍ ഉപയോഗത്തിനായി നഗരത്തിലെ മൂന്നില്‍ രണ്ട് ശതമാനം ജനങ്ങളും കഞ്ചാവ് നിയമപരമാക്കി മാറ്റണമെന്ന് സര്‍വ്വെകളും വ്യക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് നിയമവിധേയമാക്കുന്നതാണ് മികച്ച മാര്‍ഗ്ഗമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇതുമായി മുന്നോട്ട് പോകാനാണ് ഖാന്‍ ആഗ്രഹിക്കുന്നത്.
വിവിധ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളുന്ന കമ്മീഷന്‍ മറ്റ് രാജ്യങ്ങളില്‍ മയക്കുമരുന്ന് ഉപയോഗവും, അടിമത്തവും നേരിടുന്ന രീതികളും പരിശോധിക്കും. എന്നാല്‍ എ ക്ലാസ് മയക്കുമരുന്നുകളായ ഹെറോയിന്‍, കൊക്കെയിന്‍ എന്നിവ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ അധികകൃതര്‍ തള്ളി.