രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ ഒടുവിലായി ഒരുനോക്ക് കാണാന്‍ എത്തിയ മകള്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കുടുങ്ങി. ഇതിനിടെ മരണപ്പെട്ട അമ്മയുടെ മൃതശരീരം പോലും കാണാന്‍ അനുവദിക്കാത്ത അധികൃതര്‍ ഹോട്ടലില്‍ 10 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടത്. സംസ്‌കാരത്തിന് മുന്‍പ് പോലും ക്വാറന്റൈനില്‍ നിന്നും പുറത്തിറങ്ങാന്‍ അനുമതി നിഷേധിച്ച ക്വാറന്റൈന്‍ നയങ്ങളില്‍ ഹൃദയം പൊള്ളിയ അവസ്ഥയിലാണ് പ്രവാസി അധ്യാപിക.
മരണശയ്യയിലായ അമ്മയെ കാണാനായി ദുബായില്‍ നിന്നും മാര്‍ച്ച് 31നാണ് മേരി ഗാര്‍വി ബ്രിട്ടനിലേക്ക് പറന്നത്. എന്നാല്‍ ബര്‍മിംഗ്ഹാമില്‍ എത്തിച്ചേര്‍ന്ന ദിവസം തന്നെ ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ അമ്മ മാര്‍ഗററ്റ് ഏതാനും മണിക്കൂര്‍ മുന്‍പ് മരിച്ചതായ വാര്‍ത്തയാണ് മേരിയെ തേടിയെത്തിയത്. എന്നിരുന്നാലും മിഡ്‌ലാന്‍ഡ്‌സിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാനാണ് ഇവര്‍ നിര്‍ബന്ധിതയായത്.
നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇളവ് അനുവദിച്ച് അവസാനമായി അമ്മയെ കാണാന്‍ അനുവദിക്കണമെന്ന് 35-കാരി അഭ്യര്‍ത്ഥിച്ച് നോക്കി. എന്നാല്‍ മൃതദേഹം കാണാനുള്ള അപേക്ഷ അധികൃതര്‍ തള്ളി. സംസ്‌കാരം നടക്കുന്ന ദിവസം 18 മണിക്കൂര്‍ നേരത്തേക്ക് പുറത്തിറങ്ങാന്‍ മാത്രമാണ് അനുമതിയുള്ളതെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ബാക്കിയുള്ള ക്വാറന്റൈന്‍ വീട്ടില്‍ വേദനയിലായ കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും മേരി.
സംസ്‌കാര ചടങ്ങിന് 18 മണിക്കൂര്‍ മാത്രം ഇളവ് ലഭിക്കുമ്പോള്‍ ഹോട്ടലില്‍ നിന്നും കൂട്ടിക്കൊണ്ടുപോകാനും, തിരികെ എത്തിക്കാനും ഇവരുടെ പിതാവ് 266 മൈല്‍ വാഹനം ഓടിക്കേണ്ട ഗതികേടിലാണ്. 'ഭാര്യയെ അടക്കുന്ന ദിവസം പിതാവിന് എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരേണ്ട ദുരവസ്ഥയാണുള്ളത്', മേരി കൂട്ടിച്ചേര്‍ത്തു.